ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അരുണ ആസഫ് അലി ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോ. സിമർപ്രീത് സിങ് ആനന്ദി(35)നെയാണ് ഡ്യൂട്ടി മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

To advertise here,

പഞ്ചാബിലെ ലുധിയാന സ്വദേശിയായ സിമർപ്രീത് സിങ് കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ സേവനം അനുഷ്ടിച്ചുവരികയായിരുന്നു. മുറിയിൽ നിന്ന് മൂന്നുപേജുള്ള ആത്മഹത്യക്കുറിപ്പും ഡയറിയും പൊലീസ് കണ്ടെത്തി. സംഭവത്തിൽ സിവിൽ ലൈൻസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ നാലിന് രാത്രി എട്ട് മുതൽ അടുത്തദിവസം രാവിലെ എട്ട് വരെയായിരുന്നു ഡോ. ആനന്ദിന്റെ ഷിഫ്റ്റ്. രാവിലെ ഡ്യൂട്ടിറൂം അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ ബലമായി തുറന്നപ്പോഴാണ് ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോക്ടറുടെ ഇടത് കൈയിൽ കാനുല ഘടിപ്പിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയിലെ ടെക്‌നീഷ്യൻ കാനുല ഇട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവസ്ഥലം ജില്ലാ ക്രൈം ടീമും ഫൊറൻസിക് ശാസ്ത്ര ലബോറട്ടറിയിലെ സംഘവും പരിശോധിച്ചു. മുറിയിൽനിന്ന് സിറിഞ്ച്, ഒഴിഞ്ഞ മരുന്ന് കുപ്പികൾ, മൂന്ന് പേജുള്ള കുറിപ്പ്, കറുത്ത ബാഗിൽ സൂക്ഷിച്ചിരുന്ന ഡയറി എന്നിവ പൊലീസ് കണ്ടെത്തി.

മരണം ആത്മഹത്യയാണെന്ന് കുറിപ്പിൽനിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. അനസ്തീഷ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന സഹഡോക്ടർ ആകാംക്ഷ ചൗധരിയുമായുള്ള ബന്ധത്തെക്കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് പറഞ്ഞു. വ്യത്യസ്ത ജാതികളിൽപ്പെട്ടവരായതിനാൽ ഇരുവരുടെയും കുടുംബങ്ങൾ സമ്മതിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ ബോർജഡിന്റെ മേൽനോട്ടത്തിൽ തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.