കൊല്ലം:വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിൽനിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി നെല്ലിമുക്കിൽ പൊന്നമ്മ വിഹാറിലെ ധന്യമോഹൻ ആണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാരിൽ അമ്പരപ്പ്. നെല്ലിമുക്ക് ജങ്‌ഷനിൽ ബേക്കറിക്ക് എതിർവശമാണ് ധന്യയുടെ വീട്. ശാന്തമായ സ്വഭാവവും മാന്യമായ പെരുമാറ്റവുമായിരുന്നെന്ന് ബേക്കറി ഉടമ ഹാരിസ് ഓർക്കുന്നു.

To advertise here,

നഗരത്തിലെ സെയ്‌ന്റ് ജോസഫ്സ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. തുടർന്ന് സോഫ്റ്റ്‌വേർ എൻജിനിയറിങ് പഠനശേഷം വീട്ടുകാർക്കൊപ്പം തൃശ്ശൂരിലേക്ക് താമസം മാറുകയായിരുന്നു. നാട്ടിൽ ഭേദപ്പെട്ട സാമ്പത്തികനിലയുള്ള ധന്യയുടെ വീട് അടച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡരികിൽ മൂന്നുമുറി കടയുണ്ട്. ഇത് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഒരുമാസംമുൻപ്‌ വീട്ടിൽവന്ന് ഏതാനും ദിവസം താമസിച്ചിരുന്നു. ആ സമയം തന്റെ കടയിലെത്തി സാധനങ്ങൾ വാങ്ങിയിരുന്നു. പണമിടപാടിൽ മാന്യയായ ധന്യ കടം ചോദിക്കുകയോ പറയുകയോ ചെയ്യുന്ന ആളായിരുന്നില്ലെന്നും ഹാരിസ് ഓർക്കുന്നു.

നാട്ടിൽ വലിയ വീടുവയ്ക്കുന്നതായി അയൽക്കാർക്ക് വിവരമൊന്നുമില്ല. നഗരത്തിൽ മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങിയതായും അറിവില്ല. 21 വയസ്സുവരെ മാത്രമേ നാട്ടിൽ പതിവായി ഉണ്ടായിരുന്നുള്ളൂ. 18 വർഷമായി ജോലിചെയ്യുന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ്‌ മാനേജർ ആയിരിക്കെയാണ് ഇരുപതുകോടിയോളം രൂപയുടെ തട്ടിപ്പ് കേസിൽ പിടിയിലാകുന്നത്. തൃശ്ശൂരിൽനിന്ന് ഒളിവിൽപ്പോയ ധന്യ വെള്ളിയാഴ്ച വൈകീട്ട് കീഴടങ്ങാൻ തീരുമാനിച്ച് ഒറ്റയ്ക്കാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയത്.

ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന കഴിഞ്ഞ്‌ വനിതാ സ്റ്റേഷനിൽ ഏറെനേരം ഇരുത്തിയതിൽ ധന്യ അസ്വസ്ഥയായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വിവരമറിഞ്ഞ്‌ സ്റ്റേഷനിൽ തടിച്ചുകൂടി. പണത്തെപ്പറ്റി ചോദിച്ചപ്പോൾ കൈയിലിരുന്ന ബാഗ് കാട്ടി 'ഇതാ ഇതിലുണ്ട്; എടുത്തോണ്ട് പൊയ്ക്കോ' എന്നായിരുന്നു മറുപടി.

അഞ്ചുവർഷമായി തുടരുന്ന തട്ടിപ്പ്

സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. ഇതോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഓഫീസിൽനിന്ന് പോയ ധന്യ വലപ്പാട്ടെ വീട് പൂട്ടി സ്ഥലംവിട്ടു. വിശദപരിശോധനയിലാണ് 19.94 കോടി രൂപ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായത്.

വലപ്പാട്ടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് കാർ, സ്‌കൂട്ടർ, ലാപ്ടോപ്, എ.ടി.എം. കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിയതെന്നു കരുതുന്ന വീട് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങി. ഇവർക്ക് നാല് കാറുകളുള്ളതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലത്ത് ആഡംബരവീട് നിർമിക്കുന്നതായും വിവരമുണ്ട്. ധന്യയും ഭർത്താവ് കൊല്ലം കുരീപ്പുഴ കൊച്ചുകുഴിക്കനാത്ത് വസന്തും വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ഓൺലൈനായി വായ്പ നൽകുന്നതോടൊപ്പം സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റിയായിരുന്നു തട്ടിപ്പ്. പിന്നീടിത് അച്ഛന്റെ മൂന്ന് അക്കൗണ്ടുകളിലേക്കും ഭർത്താവിന്റെ രണ്ട് അക്കൗണ്ടുകളിലേക്കും മാറ്റി. ഇതുസംബന്ധിച്ച രേഖകൾ ഡിലീറ്റ് ചെയ്തു. അഞ്ചുവർഷമായി യുവതി ഈ വിധം തട്ടിപ്പ് നടത്തിവരുകയായിരുന്നുവെന്ന് റൂറൽ പോലീസ് സൂപ്രണ്ട് നവനീത് ശർമ പറഞ്ഞു. വീടും സ്ഥലവും വാങ്ങാനാണ് ഈ പണം ചെലവിട്ടതെന്നു സൂചനയുണ്ട്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഏഴംഗങ്ങളടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് അന്വേഷണത്തിനുള്ളത്. ധന്യ, ഭർത്താവ്, അമ്മ, അച്ഛൻ എന്നിവരുടെ മൊബൈൽ ഫോണുകൾ ഓഫാണെന്ന് പോലീസ് പറഞ്ഞു. ഇവർ ഒളിവിലാണ്. കുടുംബാംഗങ്ങൾക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും പോലീസ് പറഞ്ഞു.18 വർഷമായി സ്ഥാപനത്തിൽ ജോലിചെയ്യുന്ന ധന്യാ മോഹൻ വലപ്പാട്ട്‌ വാടകവീട്ടിലായിരുന്നു താമസം. ആറുവർഷംമുമ്പാണ് വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം വീട് വാങ്ങിയത്.

“പണം കൊടുത്ത് ചന്ദ്രനിൽ അഞ്ച് സെന്റ് വാങ്ങി”

കൊല്ലം: ധന്യാ മോഹൻ മാധ്യമപ്രവർത്തകരോട് ക്ഷുഭിതയായാണ് പ്രതികരിച്ചത്. കിട്ടിയ പണമൊക്കെ എവിടെയെന്ന് ചോദിച്ചപ്പോൾ, ചന്ദ്രനിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയെന്നായിരുന്നു മറുപടി. രണ്ടുദിവസമായി വലപ്പാട് പോലീസ് ധന്യയ്ക്കായി കൊല്ലത്ത് തിരച്ചിൽ നടത്തുകയായിരുന്നു.