തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരിക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വലപ്പാട്ടെ ധനകാര്യസ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ (40) ആണ് വൻ തട്ടിപ്പ് നടത്തി കടന്നത്. ജൂലായ് 23-ന് സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു കണ്ടെത്തിയത്.
പരിശോധന സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ധന്യ, പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ നൽകിയ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. 19.94 കോടി രൂപയുടെ ഞെട്ടിക്കുന്ന തിരിമറിയാണ് നടന്നത് എന്ന് ഇതിൽ ബോധ്യമായി. 2024 ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫർ ചെയ്തത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആർ ഇട്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐപിസി 406, 420 വകുപ്പുകളും ഇവർക്കെതിരെ ചുമത്തി.
അന്വേഷണത്തിന് പ്രത്യേക സംഘം
റൂറൽ എസ്.പി. നവനീത് ശർമ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ വലപ്പാട് സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷണം വിലയിരുത്തി. തുടർന്ന് വടപ്പാട് എസ്.എച്ച്.ഒ രമേഷിന്റെ നേതൃത്വത്തിൽ ഏഴ് അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എസ്.പിയുടെ മേൽനോട്ടത്തിലാകും അന്വേഷണം.
സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്റെ അക്കൗണ്ടിലേക്കും ധന്യ പണം അയച്ചു?
2019 മുതൽ വ്യാജ ലോണുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽനിന്ന് അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് കോടികൾ ധന്യ തട്ടിയത്. സ്ഥാപനത്തിലെതന്നെ ഒരു ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ യുവതി ട്രാൻസ്ഫർ ചെയ്തുവെന്ന സൂചനയുമുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവെന്നാണ് അറിയുന്നത്.
തട്ടിപ്പ് തുകകൊണ്ട് ആഡംബര ജീവിതം
കഴിഞ്ഞ ആറ് വർഷമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്ത് സ്വന്തമായി സ്ഥലം വാങ്ങി നിർമിച്ച വീട്ടിലായിരുന്നു ധന്യയുടെ താമസം. യുവതിയെ തിരഞ്ഞ് പോലീസ് ഇവിടേക്ക് എത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയായിരുന്നു.

സ്ഥാപനത്തിൽനിന്ന് തട്ടിയ പണംകൊണ്ട് ആഡംബര വസ്തുക്കൾ ഉൾപ്പടെ ധന്യ വാങ്ങിയെന്നാണ് വിവരം. ധന്യക്ക് രണ്ട് കാറും സ്കൂട്ടറും ഉണ്ട്. ഒരു കാറും സ്കൂട്ടറും നിലവിൽ വീട്ടിലുണ്ട്.
Content Highlights: Lookout notice for Manappuram Finance employee who cheated crores of rupees
Published: 26 Jul 2024, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented