ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ അഞ്ചു വയസുകാരനായ സ്വന്തം മകനെ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് എറിഞ്ഞുകൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം. അയൽക്കാരനുമായുള്ള രഹസ്യബന്ധം കണ്ട മകൻ അത് ഭർത്താവിനെ അറിയിക്കുമെന്ന് ഭയന്നാണ് അമ്മ കൊലപാതകം നടത്തിയത്.

To advertise here,

2023 ഏപ്രിൽ 28-നായിരുന്നു സംഭവം. പോലീസ് കോൺസ്റ്റബിൾ ധ്യാൻ സിങ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ജീവപര്യന്തം തടവിന് സൃഷ്ടിച്ചത്. ജ്യോതിക്ക് ഇവരുടെ അയൽക്കാരനായ ഉദയ് ഇൻഡോലിയയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഇവരുടെ ബന്ധം ജ്യോതിയുടെ മകൻ ജതിൻ കണ്ടു. ജതിൻ അച്ഛൻ ധ്യാനിനോട് താൻ കണ്ട കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഭയന്ന ജ്യോതി സ്വന്തം മകനെ ഇല്ലാതാക്കാൻ മുതിരുകയായിരുന്നു. മകനെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ജീവനുവേണ്ടി പോരാടിയ അഞ്ചു വയസുകാരൻ 24 മണിക്കുറിനുള്ളിൽ മരിച്ചു.

ആദ്യം അപകട മരണമെന്ന് കരുതി

തുടക്കത്തിൽ, ജതിന്റെ മരണം മേൽക്കൂരയിൽനിന്ന് വീണുണ്ടായ അപകടമായാണ് എല്ലാവരും കണക്കാക്കിയത്. എന്നാൽ, മകൻ മരിച്ച് പതിനഞ്ചു ദിവസത്തിന് ശേഷം, ജ്യോതി പൊട്ടിക്കരഞ്ഞുകൊണ്ട് ഭർത്താവിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

മകന്റെ മരണത്തിൽ ധ്യാനിന് സംശയമുണ്ടായിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന് ജ്യോതി പറയുന്നതിന്റെയും പിന്നീട് കുറ്റസമ്മതം നടത്തുന്നതിന്റെയും ഓഡിയോയും വീഡിയയോയും ധ്യാൻ റെക്കോഡ് ചെയ്തിരുന്നു. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അദ്ദേഹം ശേഖരിച്ചു. തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കേസിൽ ആദ്യം ജ്യോതിയുടെ കാമുകൻ ഉദയ് ഇൻഡോലിയയെ പ്രതിയാക്കിയിരുന്നെങ്കിലും ഇയാളെ കോടതി വെറുതേവിട്ടു. ധ്യാനിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ജ്യോതിയെയും കാമുകൻ ഉദയെയും പ്രതികളാക്കിയിരുന്നു. അന്വേഷണത്തിന് ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണയ്ക്കിടെ, ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ജ്യോതിയെ കുറ്റക്കാരിയായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തിൽ ഉദയെ വെറുതെ വിടുകയായിരുന്നു.