ചെന്നൈ: ഇറച്ചി സൗജന്യമായി നല്‍കാത്തതിന്റെ വിരോധത്തില്‍ ശ്മശാന ജീവനക്കാരന്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മനുഷ്യമൃതദേഹം കൊണ്ടിട്ടു. തമിഴ്‌നാട്ടിലെ തേനിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. 

To advertise here,

മണിയരശന്‍ എന്നയാളുടെ 'സംഗീത മട്ടണ്‍സ്റ്റാളി'ലായിരുന്നു സംഭവം. നാലുവര്‍ഷം മുമ്പ് ഇതേകടയില്‍ പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ തനിക്ക് സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മട്ടണ് ഉയര്‍ന്നവിലയാണെന്നും സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ തിരികെപോയ കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു. 

വിവരമറിഞ്ഞതോടെ ശ്മശാന ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു. സംഭവത്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.