തളിപ്പറമ്പ്: കീഴാറ്റൂരിലെ സി.പി.എം.പ്രവര്‍ത്തകന്‍ കെ.നവനീതിനെ (32) മര്‍ദിച്ച സംഭവത്തില്‍ സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം കോമത്ത് മുരളീധരന്‍, പ്രവര്‍ത്തകരായ ബിജു, വിജേഷ് എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തു.

To advertise here,

കീഴാറ്റൂരില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം. പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കൈ കൊണ്ടും വടി കൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്. സംഭവത്തിനുകാരണം രാഷ്ട്രീയ വിരോധമാണെന്നും പരാതിയിലുണ്ട്. നവനീത് സഹകരണാസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു.

മാന്ധംകുണ്ടില്‍ കഴിഞ്ഞ ദിവസം സി.പി.ഐ.യുടെ കുടുംബസംഗമം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നറിയുന്നു. സി.പി.എം. വിട്ട് സി.പി.ഐ.യില്‍ ചേര്‍ന്ന കോമത്ത് മുരളീധരന്‍ സി.പി.ഐ. കുടുംബസംഗമത്തില്‍ സംസാരിക്കുമ്പോള്‍ സമീപത്തെ പറമ്പില്‍ വെച്ച് സി.പി.എം.കാര്‍ കൂവിയിരുന്നു.

കള്ളക്കേസെന്ന് സി.പി.ഐ.

: സി.പി.ഐ. നേതാവ് കോമത്ത് മുരളീധരനും മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കുമെതിരേയുള്ള കേസ് കള്ളക്കേസാണെന്ന് സി.പി.ഐ.മണ്ഡലം കമ്മിറ്റി അറിയിച്ചു. നിസ്സാര വാക്തര്‍ക്കമാണ് അക്രമ കേസാക്കി മാറ്റിയതെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.