ഇരിട്ടി: ‘കണ്ണന് ബോധംതെളിയുമ്പോൾ ബാറിൽ മറന്നുപോയ ഓടക്കുഴൽ എടുക്കാൻ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെ ബാറിൽ മദ്യക്കുപ്പികൾക്കിടയിൽ ഓടക്കുഴൽവെച്ച് ഫോട്ടോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സിപിഎം പ്രവർത്തകനെതിരേ മുഴക്കുന്ന് പോലീസ് കേസെടുത്തു. മുഴക്കുന്ന് വട്ടപ്പൊയിലിലെ ശരത്ത് വട്ടപ്പൊയിലിനെതിരെയാണ് കേസ്.

To advertise here,

ശ്രീകൃഷ്ണജയന്തി ദിവസമായ ഞായറാഴ്ചയാണ് സംഭവം. കാക്കയങ്ങാട് ടൗണിന് സമീപത്തെ ബാറിൽ മദ്യക്കുപ്പികൾ നിരത്തിയ ഷെൽഫിന് മുന്നിലെ മേശപ്പുറത്ത് ഓടക്കുഴൽ വെച്ചാണ് ശരത് ഫോട്ടോ എടുത്തത്. പിന്നീട് അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ഓടക്കുഴലുമായാണ് ശരത്ത് ബാറിനുള്ളിൽ വന്നതെന്ന് സിസി ക്യാമറ പരിശോധനയിൽ വ്യക്തമായി. ഇതിനെതിരേ പാലപ്പുഴ സ്വദേശി ടി. അനിൽ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കലാപവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതി ഒളിവിലാണ്.