ബെംഗളൂരു: പാക് ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താനുമായി (ടിടിപി) ബന്ധം പുലർത്തുകയും ഇന്ത്യയിലും പാകിസ്താനിലും ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നോപാറ സ്വദേശിയായ 25 വയസ്സുകാരൻ അസഫൂൾ മല്ലിക്കാണ് പിടിയിലായത്. ഇയാളെ ബെംഗളൂരുവിലെ ജിഗാനിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
2025 ഡിസംബർ മുതൽ ജിഗാനി വ്യവസായ പ്രദേശത്ത് ടാറ്റാ അഡ്വാൻസ്ഡ് ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സംശയാസ്പദമായ ഓൺലൈൻ ഇടപാടുകളും സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനകളും ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ.
പാകിസ്താനിലെ മുസ്ലിങ്ങൾക്കെതിരെ അവിടുത്തെ സൈന്യം അതിക്രമങ്ങൾ നടത്തുന്നുവെന്നും പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നുവെന്നുമുള്ള വിശ്വാസമാണ് ഇയാളെ ഭീകരവാദത്തിലേക്ക് ആകർഷിച്ചതെന്ന് പോലീസ് പറയുന്നു. കൂടാതെ ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പാകിസ്താൻ സ്വീകരിച്ച നിലപാടിലും ഇയാൾക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്നതും ടിടിപിയുമായി ബന്ധമുള്ളതുമായ ഇമ്രാൻ ഹൈദർ എന്നയാളുമായി ഫേസ്ബുക്ക് വഴി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. ഇയാളുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ മല്ലിക് വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മല്ലിക്കിന്റെ മൊബൈൽ ഫോണിൽ നിന്ന് ഇമ്രാൻ ഹൈദറുമായി നടത്തിയ ചാറ്റുകൾ, വോയിസ് കോളുകൾ, മറ്റ് ഓഡിയോ സംഭാഷണങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തതും പിടികൂടിയതും. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച വോയിസ് റെക്കോർഡിങുകളും മറ്റ് രേഖകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Content Highlights: A 25-year-old security guard in Bengaluru has been detained for alleged links with Tehreek-e-Taliban Pakistan.
Published: 15 Aug 2026, 02:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented