കൊച്ചി: ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.. തല ഭിത്തിയിലിടിപ്പിച്ചു.. ശ്വാസം മുട്ടിപ്പിച്ചു. ഒരു രാത്രി മുഴുവൻ അതിക്രൂരമായി മർദനത്തിന് ഇരയാക്കി. മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞത് ആറു ദിവസം. മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരതയ്ക്കാണ് ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇരയായത്. മരുന്നുകളോട് പ്രതികരിക്കാതെ അനക്കമറ്റ് വെന്റിലേറ്ററിൽ കഴിയുമ്പോൾ ജീവിതത്തിലേക്ക് മകൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയുടെ അമ്മ ഐസിയുവിന് വെളിയിൽ കാത്തിരുന്നിരുന്നു. പ്രതീക്ഷകളെല്ലാം ബാക്കിയാക്കി വേദനകളില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി.
കഴുത്തിൽ കയർ മുറുകി, കൈയിൽ മുറിവേറ്റ് അർധനഗ്ന നിലയിലായിരുന്നു പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. അമ്മയുമായി അത്ര സൗഹൃദത്തിലായിരുന്നില്ല എന്നതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു താമസം. അപ്രതീക്ഷിതമായി ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ അവശനിലയിൽ വീട്ടിൽ കണ്ടത്. കൈയിലെ മുറിവിൽ ഉറുമ്പരിക്കുന്നുണ്ടായിരുന്നു.
പ്രതി അനൂപ് ആദ്യമായല്ല പെൺകുട്ടിയെ മർദിക്കുന്നത്. സംശയ സ്വഭാവമുണ്ടായിരുന്ന യുവാവ് പതിവായി പെൺകുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഒരു വർഷമായുള്ള സൗഹൃദം ഉടലെടുത്തത് ഇൻസ്റ്റഗ്രാമീലൂടെയായിരുന്നു. മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ യുവാവ് ഉപദ്രവിക്കുമായിരുന്നുവെന്നും ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞതായും പെൺകുട്ടിയുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു.
യുവാവ് തന്റെ മകളെ നിരന്തരം മർദിക്കുമായിരുന്നു. മിക്കവാറും വീട്ടിൽ വരുമായിരുന്നു. ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല. മകളെ ഉപദ്രവിക്കുന്നതായും തോന്നിയിരുന്നില്ല. ആദ്യം ഒരു തവണ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായിരുന്നു. പിന്നീട്, ചെവിയ്ക്കും കണ്ണിനും പരിക്കുണ്ടായിരുന്നു. വീണതാണ് എന്നാണ് മകൾ പറഞ്ഞതെന്നും അമ്മ പറഞ്ഞു.
യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇയാൾക്കെതിരേ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. പെൺകുട്ടി മരിച്ച സാഹചര്യത്തിൽ മനപൂർവ്വമുള്ള നരഹത്യക്ക് കേസെടുക്കുമെന്നാണ് വിവരം.
പെൺകുട്ടിയുടെ കയ്യിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. അർധ നഗ്‌നാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ചോറ്റാനിക്കര പോലീസും ബന്ധുക്കളും ചേർന്ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: chottanikkara girl brutally assaulted
Published: 31 Jan 2025, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented