ചാരുംമൂട് (ആലപ്പുഴ): നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പിതാവിനെയും രണ്ടാനമ്മയയെയും ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് പിടിയിലായത്. അൻസാറിനെ പത്തംതിട്ട ജില്ലയിലെ കടമാൻകുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്.

To advertise here,

ഇവരെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻസാറെന്ന് പോലീസ് പറഞ്ഞു. ഇവർക്കുവേണ്ടി ഡിവൈഎസ്‌പിയുടെ കീഴിൽ അഞ്ചു പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞ് രണ്ടുദിവസമായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.

കുട്ടിയെ മർദിച്ചതു കണ്ടെത്തിയ ബുധനാഴ്ച പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാർ മുങ്ങുകയായിരുന്നു. ഇതിനുശേഷം അൻസാർ രാത്രി വീട്ടിലെത്തി പിതാവ് നിസാറുദീനെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവശേഷം ഇവരുടെ ഇരുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.