ചെന്നൈ: അബദ്ധത്തിൽ വനിതാ പോലീസ് ഇൻസ്‌പെക്ടറുടെ മെബൈലിലേക്കു വിളിച്ച് സ്വയം കുരുക്കിലകപ്പെട്ട് തട്ടിപ്പുസംഘം. ഇതോടെ ചെന്നൈ നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കോൾ സെന്റർ പോലീസ് കണ്ടെത്തി പൂട്ടിച്ചു. ചെന്നൈ വെസ്റ്റ് സോൺ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശാന്തിദേവിയുടെ സമയോചിത ഇടപെടലാണ് തട്ടിപ്പുസംഘത്തെ കുരുക്കിയത്. ചെന്നൈയുടെ ഹൃദയഭാഗമാത്തുള്ള തേനാംപേട്ടിലാണ് വ്യാജ കോൾസെന്റർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

To advertise here,

ശാന്തിദേവിക്ക് പുലർച്ചെ ഒരു ഫോൺ കോൾ ലഭിച്ചു. സ്വകാര്യ ബാങ്കിൽനിന്ന് നന്ദിനി എന്നു പേരുള്ള സ്ത്രീയാണ് വിളിച്ചത്. ഇൻഷുറൻസ് പോളിസി കാലാവധി കഴിഞ്ഞതായും ഇൻസ്‌പെക്ടർക്ക് 2.85 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്നും പണം വേഗത്തിൽ കിട്ടാനായി ജിഎസ്ടി നിരക്കായി 15,000 രൂപ നൽകണമെന്നുമായിരുന്നു അറിയിച്ചത്. നേരിട്ടുവരേണ്ട ആവശ്യമില്ലെന്നും പണം ഗൂഗിൾ പേ ചെയ്താൽ മതിയെന്നും പ്രോസസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തുക ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. താൻ ആശുപത്രിയിലാണെന്നും തിരികെ വിളിക്കാമെന്നും ശാന്തിദേവി മറുപടിനൽകി സംസാരം അവസാനിപ്പിച്ചു.

തുടർന്ന് തന്നെ വിളിച്ച നമ്പറിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമമായി. മണിക്കൂറുകൾക്കുള്ളിൽ സ്ഥലം കണ്ടെത്തിയപ്പോഴാണ് വ്യാജ കോൾസെന്റർ കണ്ടെത്തിയത്. തുച്ഛമായ വേതനത്തിന് അവിടെ അൻപതോളം ടെലി കോളർമാർ ജോലിചെയ്തിരുന്നു. ഇതിൽ പലർക്കും തങ്ങൾ തട്ടിപ്പുനടത്തുന്നുവെന്ന കാര്യംപോലും അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോൾ സെന്റർ ഉടമ മുനീർ ഹുസൈനെയും സഹായി അശോകനെയും പോലീസ് അറസ്റ്റുചെയ്തു.

മുനീർ ഹുസൈനെ 2020-ൽ സമാനതട്ടിപ്പിൽ അറസ്റ്റുചെയ്ത് ഗുണ്ടാച്ചട്ടം ചുമത്തിയിരുന്നു. ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം വീണ്ടും വ്യാജ കോൾ സെന്റർ തുടങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യാസഹോദരൻ ജാവിദും സമീപത്തായി മറ്റൊരു അനധികൃത കോൾ സെന്റർ നടത്തിയിരുന്നതായി വിവരം ലഭിച്ചു. അവിടെ പോലിസ് എത്തിയപ്പോഴക്കും സ്ഥാപനം പൂട്ടി ജാവീദ് രക്ഷപ്പെട്ടിരുന്നു.