
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനുനേരെ കയ്യേറ്റശ്രമം. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായത്. നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ റിമാന്‍ഡാണ് മജിസ്ട്രേറ്റ് പ്രതിക്ക് വിധിച്ചിരിക്കുന്നത്.
ഋതുവിനെ കൊണ്ടുവരുമ്പോള്‍ തന്നെ കോടതിവളപ്പില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും അടങ്ങിയ വലിയ സംഘമാണ് കോടതിവളപ്പില്‍ ഉണ്ടായിരുന്നത്. അസഭ്യംവിളിച്ചുകൊണ്ട് ഇവര്‍ പ്രതിയുടെ പിന്നാലെ കൂടുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷവും ജനം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് ഇറക്കുമ്പോഴും ജനം ഋതുവിനെ ആക്രമിക്കാന്‍ തുനിഞ്ഞു. വളരെ പണിപ്പെട്ടാണ് പോലീസ് പ്രതിയെ ഇവിടെനിന്നും കൊണ്ടുപോയത്. 'നാലുപേരേയും ഞാന്‍ തീര്‍ത്തു' എന്ന് പറഞ്ഞാണ് ഋതു പോലീസിനുമുന്നില്‍ കീഴടങ്ങിയത്. വഴിയില്‍ കണ്ട ചിലരോടും പ്രതി ഈ വാചകം ആവര്‍ത്തിച്ചതായും വിവരമുണ്ട്. ഇതിന്റെയെല്ലാം രോഷം ജനങ്ങളില്‍ പ്രകടമായിരുന്നു. അതിന്റെ ബാക്കിപത്രമാണ് കോടതിവളപ്പില്‍ അരങ്ങേറിയത്.
നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം പ്രതി ഋതുവിന് മാനസികപ്രശ്നമുള്ളതായി കാണിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ വൈദ്യപരിശോധനയില്‍ ഇയാള്‍ക്ക് യാതൊരുവിധ മാനസികപ്രശ്നങ്ങളും ഇല്ല എന്ന് കണ്ടെത്തിയിരുന്നു. അത്തരം ഒരു രേഖയും പ്രതിയുടെ കൈയിലില്ല എന്നും പോലീസ് വ്യക്തമാക്കി. ഈ കാര്യത്തിലടക്കം തുടരന്വേഷണം ആവശ്യമാണ് എന്ന് കാണിച്ചാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യം മുന്നോട്ടുവെച്ചത്.
Content Highlights: chendamangalam murder case culprit rithu attacked by people in court
Published: 17 Jan 2025, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented