പുതുക്കാട്(തൃശ്ശൂര്‍): ചൈല്‍ഡ് ലൈന്‍ അംഗങ്ങളെ ആക്രമിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്ന യുവാവ് പിടിയില്‍. ഛത്തീസ്ഗഢ് ജഷ്പുര്‍ സ്വദേശി ദീപക്കുമാര്‍ സിങ് (20) ആണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഒപ്പമുണ്ടായിരുന്ന പതിനാറുകാരിയെ തൃശ്ശൂരിലെ, സ്ത്രീകളുടെയും കുട്ടികളുടെയും ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആക്രമിച്ച് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട ഇവര്‍ പുതുക്കാട് തൊട്ടിപ്പാളിലുള്ള സുഹൃത്തിന്റെയടുത്താണ് എത്തിയത്. അവിടെ സുഹൃത്ത് ജോലിചെയ്യുന്ന ഫാം ഹൗസില്‍ കഴിഞ്ഞു.
ദീപക്കിന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് മൊബൈല്‍ നമ്പര്‍ കിട്ടിയ റെയില്‍വേ പോലീസ് ടവര്‍ ലൊക്കേറ്റ് ചെയ്ത് ശനിയാഴ്ച രാവിലെയോടെ പുതുക്കാട്ടെത്തി. പോലീസ് ഫാം ഹൗസിനു സമീപമെത്തിയതറിഞ്ഞ് ദീപക് പെണ്‍കുട്ടിയുമായി അടുത്തുള്ള വാഴത്തോട്ടത്തിലേക്ക് കടന്നു. ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന ഇവരെ കണ്ട് പുതുക്കാട് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ജോസിന് സംശയം തോന്നി. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു.
ഹോം ഗാര്‍ഡ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. സ്ഥലത്തെത്തി ദീപകിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തൃശ്ശൂര്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തി ദീപകിനെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയാണ് യുവാവിന്റെ പേരില്‍ കേസ് എടുത്തിരിക്കുന്നത്.
ബുധനാഴ്ച രാത്രി ന്യൂഡല്‍ഹി-കേരള എക്‌സ്പ്രസിലാണ് ഇവര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. സംശയം തോന്നിയ സ്റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. അവര്‍ ഇരുവരെയും പിടികൂടി ചൈല്‍ഡ് ലൈനെ ഏല്‍പ്പിക്കുകയായിരുന്നു. സഹോദരങ്ങളാണെന്നാണ് ആദ്യം ഇരുവരും പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രണയത്തിലാണെന്നറിഞ്ഞത്.
പൊട്ടിയ ബിയര്‍ക്കുപ്പിയുമായെത്തിയ യുവാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയുടെ കഴുത്തില്‍ കുപ്പി കുത്തിനിര്‍ത്തി ഭീഷണിപ്പെടുത്തി കുട്ടിയെയുംകൊണ്ട് ഓടിരക്ഷപ്പെട്ടു. സംഭവത്തിനിടെ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ യാത്രക്കാര്‍ ചങ്ങല വലിച്ച് നിര്‍ത്തിയത് സംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കാത്തതിന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
Content Highlights: chattisgarh man arrested for kidnapping minor girl and attacking childline worker in thrissur
Published: 16 Jul 2023, 12:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented