സുല്‍ത്താന്‍ബത്തേരി: കേന്ദ്രസര്‍വകലാശാലയില്‍ ജോലി വാഗ്ദാനംചെയ്ത് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ആദര്‍ശ ഗാന്ധിഗൃഹം സുനില്‍കുമാര്‍ (43) ആണ് അറസ്റ്റിലായത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബത്തേരി, കരുവാരക്കുണ്ട് സ്വദേശികളില്‍നിന്ന് 70 ലക്ഷം രൂപ വീതം വാങ്ങിയായിരുന്നു തട്ടിപ്പ്. സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് ബത്തേരി സ്വദേശിനി ജൂണില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ് കരുവാരക്കുണ്ട് പോലീസ് എറണാകുളത്തുനിന്ന് സുനില്‍കുമാറിനെ അറസ്റ്റുചെയ്തത്.
കുരവാരക്കുണ്ട് പോലീസ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ സമാനപരാതിയുണ്ട്. തുടര്‍ന്ന് ബത്തേരി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2019 മുതല്‍ ഇയാള്‍ തട്ടിപ്പ് നടത്തിവരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ വിലാസത്തിലും ഇയാള്‍ താമസിച്ചിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി പോലീസിനെ വെട്ടിച്ച് താമസിച്ചുവരുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്നായി രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തട്ടിയെടുത്ത പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കുകയാണ് രീതി. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസ് കരുതുന്നത്. ബത്തേരി സി.ഐ. എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. സാബു ചന്ദ്രന്‍, സി.പി.ഒ.മാരായ വി.ആര്‍. അനിത്കുമാര്‍, ശരത്ത് പ്രകാശ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
Content Highlights: central university kerala job fraud case accused arrested
Published: 16 Nov 2023, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented