ഭുവനേശ്വര്‍: ഒഡിഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ശ്രമിച്ചു. മയൂര്‍ഭഞ്ജ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കാമുകനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

To advertise here,

ഉദല പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ബനമാലി നല്‍കുന്ന വിവരം അനുസരിച്ച് ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ, കാമുകനായ പ്രജ്ഞാശു ദാസ് ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് കാഴ്ചകള്‍ കാണിക്കാമെന്ന വ്യാജേനയാണ് അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയത്. 

തുടര്‍ന്ന് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും, അവള്‍ അവിടെനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. സംഭവം അറിഞ്ഞ ബന്ധുക്കള്‍ പ്രജ്ഞാശു ദാസ് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗ ശ്രമത്തിനും കേസെടുത്തു. 

പ്രജ്ഞാശു ദാസ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഒളിവില്‍ പോയ മറ്റ് നാല് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

ഈ സംഭവത്തിന് സമാനമായി നേരത്തെ, ഓഗസ്റ്റ് ഏഴിന്, ഒഡീഷയിലെ അംഗുല്‍ ജില്ലയിലെ വനപ്രദേശത്ത് വെച്ച് ഒരു ആദിവാസി യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.