ബെംഗളൂരു: ബെംഗളൂരുവില്‍ എന്‍ജിനിയറിങ് കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥി സീനിയര്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ കോളേജ് കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയ പ്രതി, പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയെന്നും ഇതിനുപിന്നാലെയാണ് പുരുഷന്മാരുടെ ശൗചാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതെന്നുമാണ് വിവരം. സംഭവത്തില്‍ അറസ്റ്റിലായ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി ജീവന്‍ ഗൗഡയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

To advertise here,

ഒക്ടോബര്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. പ്രതിയായ ജീവന്‍ ഗൗഡ അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥിയും. ഇരുവരും തമ്മില്‍ നേരത്തേ പരിചയമുള്ളവരാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പരീക്ഷകളില്‍ തോറ്റതോടെയാണ് ജീവന്‍ ഗൗഡ ഒരു അക്കാദമികവര്‍ഷം പിറകിലായിപ്പോയതെന്നും പോലീസ് വ്യക്തമാക്കി.

സംഭവദിവസം ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കിടെ പ്രതി വിദ്യാര്‍ഥിനിയെ നേരിട്ടുകണ്ടിരുന്നു. തുടര്‍ന്ന് ഒരുകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഏഴാംനിലയിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ചാണ് പ്രതി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചത്.

ബലംപ്രയോഗിച്ച് ചുംബിക്കാനായിരുന്നു പ്രതിയുടെ ആദ്യശ്രമം. വിദ്യാര്‍ഥിനി ഇത് ചെറുക്കുകയും ലിഫ്റ്റില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയുംചെയ്തു. എന്നാല്‍, പ്രതി പിന്തുടര്‍ന്നെത്തി പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തുകയും വലിച്ചിഴച്ച് ആറാംനിലയിലെ ശൗചാലയത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇവിടെവെച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. അതിക്രമത്തിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ റിങ്‌ചെയ്തപ്പോള്‍ ജീവന്‍ ഗൗഡ ഇത് തട്ടിയെടുത്ത് കൈക്കലാക്കുകയുംചെയ്തു.

സംഭവത്തിനുശേഷം കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടി പീഡനവിവരം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ ജീവന്‍ ഗൗഡ പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ഗര്‍ഭനിരോധന ഗുളിക ആവശ്യമുണ്ടോ എന്ന് ചോദിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന് അഞ്ചുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഇതിന് മുന്‍പ് ചില സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇവരാണ് മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നുപറയാനും പോലീസില്‍ പരാതി നല്‍കാനും പിന്തുണനല്‍കിയത്. തുടര്‍ന്ന് മാതാപിതാക്കളുടെ സഹായത്തോടെ ഒക്ടോബര്‍ 15-ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്തെല്ലാം വിശദമായ പരിശോധന നടത്തി. അതേസമയം, കെട്ടിടത്തില്‍ സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാല്‍, ഫൊറന്‍സിക് തെളിവുകളടക്കം സംഭവസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.