
കരുളായി: എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തഃസംസ്ഥാന സംഘത്തിലെ ഒരാളെ മഹാരാഷ്ട്രയിലെ നാഗ്പുരിൽനിന്ന് പോലീസ് പിടികൂടി. നാഗ്പുർ സ്വദേശി രോഹിത്ത് മോഹൻലാൻ ചൗധരിയെയാണ് പൂക്കോട്ടുംപാടം പോലീസ് പിടികൂടിയത്. കരുളായി അങ്ങാടിയിലുള്ള നിലമ്പൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എടിഎമ്മിൽനിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളാണ് ഇയാൾ.
പണമെടുക്കാൻ ആളുകൾ എത്തുന്നതിനുമുമ്പ് എടിഎമ്മിനുള്ളിൽ കയറുന്ന പ്രതികൾ പണം പുറത്തേക്കുവരുന്ന ഭാഗത്ത് ഒരു ഉപകരണം സ്ഥാപിച്ച് പുറത്തിറങ്ങും. പണം എടുക്കാനായി കൗണ്ടറിലെത്തി പിൻവലിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുമെങ്കിലും ഈ ഉപകരണം സ്ഥാപിച്ചതിനാൽ പുറത്തെത്തിയ പണം കാണാതെ ഉപഭോക്താക്കൾ മടങ്ങും. മെഷീനിന്റെ ഉള്ളിൽനിന്ന് പണം എണ്ണുന്ന ശബ്ദവും പുറത്തെത്തിയ പണം എടുക്കാനുള്ള നിർദ്ദേശവുംവന്നാലും പണം എടുക്കാൻപറ്റാത്ത രീതിയിലാണ് മോഷ്ടാക്കൾ ഇത് സജ്ജീകരിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾ കൗണ്ടറിനുള്ളിൽനിന്ന് ഇറങ്ങുന്നമുറയ്ക്ക് മോഷ്ടാക്കൾ കൗണ്ടറിനുള്ളിൽക്കയറി മുൻപ് ഇവിടെ സ്ഥാപിച്ച ഉപകരണം എടുത്തുമാറ്റി പണം കൈക്കലാക്കും.- ഇത്തരത്തിലായിരുന്നു മോഷണം.
അക്കൗണ്ടിൽനിന്ന് പണം പോയതായുള്ള വിവരവുമായി ഉപഭോക്താക്കൾ ബാങ്കിനെ സമീപിക്കുകയും പരിശോധന നടത്തുകയും ചെയ്താലും തകരാറൊന്നും മനസ്സിലാവാതെ വരികയും പണം നഷ്ടമാവുകയുംചെയ്യുന്ന സഹചര്യത്തിലാണ് പരാതി പോലീസിലെത്തുന്നത്. കഴിഞ്ഞ മേയ് 18-നാണ് കരുളായിയിലെ എടിഎം കൗണ്ടറിൽനിന്ന് 20,000 രൂപ വീതം മൂന്ന് പേരുടെ പണം നഷ്ടമായതായുള്ള പരാതി ലഭിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണസംഘം മഹാരാഷ്ട്രയിലുണ്ടെന്ന വിവരംലഭിച്ചത്. പ്രതികൾ താമസിക്കുന്ന സ്ഥലത്തെത്തിയ പോലീസ് രോഹിത്ത് മോഹൻലാൻ ചൗധരിയെ പിടികൂടിയെങ്കിലും കൂട്ടാളികൾ രക്ഷപ്പെടുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു.
വണ്ടൂർ സ്റ്റേഷൻപരിധിയിലെ വാണിയമ്പലത്തും പാലക്കാട്, തൃശ്ശൂർ ജില്ലകളിലും ഒട്ടനവധി സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നാഗ്പുരിൽനിന്ന് കാറിലെത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി.
നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. എബ്രഹാമിന്റെയും പൂക്കോട്ടുംപാടം ഇൻസ്പെക്ടർ വി. അമീറലിയുടെയും നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, സാനിർ, സലീൽ ബാബു, സജീഷ് എന്നിവരടങ്ങിയ സംഘമാണ് നാഗ്പുരിലെത്തി പ്രതിയെ പിടികൂടിയത്. മോഷണംനടന്ന കരുളായിയിലെ എടിഎമ്മിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: atm counter theft police investigation
Published: 06 Jul 2025, 08:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented