മുംബൈ: യുവതിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിലായി. നാസിക്ക് സ്വദേശിയായ അശോക് ഖാരാത്തി(67)നെയാണ് 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ്‌ചെയ്തത്. അതേസമയം, യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗംചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ഏകദേശം 58-സ്ത്രീകളുമായുള്ള അശ്ലീലവീഡിയോകളാണ് പ്രതിയിൽനിന്ന് കണ്ടെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
ഹിപ്‌നോട്ടിസമെന്ന് പറഞ്ഞ് ലഹരിമരുന്ന് നൽകി മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് 35-കാരി അശോക് ഖാരാത്തിനെതിരേ പരാതി നൽകിയിരുന്നത്. തന്റെ വിശ്വാസത്തെ ഇയാൾ ചൂഷണംചെയ്‌തെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകളെ പ്രതി ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് കണ്ടെത്തിയത്.
ജ്യോത്സ്യനായ അശോക് ഖാരാത്ത് റിട്ട. മർച്ചന്റ് നേവി ഓഫീസറാണ്. വിഐപി ജ്യോത്സ്യനായി അറിയപ്പെട്ടിരുന്ന പ്രതി, 'ക്യാപ്റ്റൻ' എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. തുടർന്ന് സ്ത്രീകൾ പ്രശ്‌നപരിഹാരത്തിനായി വരുമ്പോൾ ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിക്കുന്നതായിരുന്നു രീതി. ഭർത്താവ് മരിക്കുമെന്നും മന്ത്രവാദംചെയ്ത് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയും ഇയാൾ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഓഫീസിനുള്ളിൽ ഒട്ടേറെ രഹസ്യ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. പ്രതിയുടെ കൈയിൽനിന്ന് നിരവധി സ്വകാര്യവീഡിയോകളടങ്ങിയ പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തു. ഏകദേശം 58-ഓളം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തതിന്റെ ദൃശ്യങ്ങളാണ് ഈ പെൻഡ്രൈവിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ വീഡിയോകളെല്ലാം നാസിക് ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്.
ആഡംബരജീവിതം, ഉന്നതബന്ധങ്ങൾ...
നാസിക്കിലെ സമ്പന്നർ താമസിക്കുന്ന കാനഡ കോർണർ മേഖലയിലാണ് അശോക് ഖാരാത്ത് താമസിച്ചിരുന്നത്. സ്വയം ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിരുന്ന ഇയാൾ ജ്യോത്സ്യനെന്നനിലയിൽ സമൂഹത്തിൽ പ്രശസ്തിയും സ്വന്തമാക്കിയിരുന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലും ഉൾപ്പെടെ ഇയാൾക്ക് ഉന്നത രാഷ്ട്രീയനേതാക്കളുമായി ബന്ധങ്ങളുണ്ടെന്നും ആരോപണമുണ്ട്. മിർഗാവിൽ അശോക് ഖാരാത്ത് സ്വന്തമായി ഒരു ക്ഷേത്രവും സ്ഥാപിച്ചിരുന്നു. ഇവിടെ ഒരു ആഡംബര വസതിയും പണിതു. സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളും ബിസിനസുകാരും ഉൾപ്പെടെ പ്രമുഖരായ പലരും ഇവിടെ സന്ദർശകരായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
രഹസ്യനീക്കത്തിനൊടുവിൽ അറസ്റ്റ്...
യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ വിവരങ്ങളൊന്നും ചോരാതെയായിരുന്നു പോലീസിന്റെ അന്വേഷണം. അശോക് ഖാരാത്ത് നാസിക്കിലെ ഫാംഹൗസിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് സംഘം രഹസ്യമായി ഇവിടം വളഞ്ഞു. തുടർന്ന് അർധരാത്രിയോടെ പോലീസുകാരിൽ ചിലർ 'കള്ളൻ.. കള്ളൻ'' എന്ന് വിളിച്ചുപറഞ്ഞ് ഫാംഹൗസ് വളപ്പിലേക്ക് കയറി. കള്ളനെ പിടിക്കാനെന്ന വ്യാജേന കൂടുതൽ പോലീസുകാരും പിന്നാലെയെത്തി. ഈ ബഹളത്തിനിടെ ചില ഉദ്യോഗസ്ഥർ ഫാംഹൗസിൽ അശോക് ഖാരാത്ത് കഴിഞ്ഞിരുന്ന വീടിനുള്ളിലേക്ക് പ്രവേശിച്ചു. തുടർന്ന് കിടപ്പുമുറിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇവിടെ നടത്തിയ പരിശോധനയിൽ ഒരു തോക്കും നിരവധി വെടിയുണ്ടകളും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. പ്രതിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽനിന്നും ആശ്രമത്തിൽനിന്നും നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.
രാഷ്ട്രീയവിവാദവും...
പ്രമുഖ ജ്യോത്സ്യനായ അശോക് ഖാരാത്ത് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായത് മഹാരാഷ്ട്രയിൽ രാഷ്ട്രീയവിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ഒട്ടേറെ രാഷ്ട്രീയനേതാക്കൾ അശോക് ഖാരാത്തിനെ സന്ദർശിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് രാഷ്ട്രീയമായും കേസ് വിവാദമായിരിക്കുന്നത്.
Content Highlights: Shocking Discovery: 58 Explicit Videos Found in Astrologer’s Home
Published: 19 Mar 2026, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented