കണ്ണൂർ: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും െചയ്ത അർജുൻ ആയങ്കി ഒരുദിവസം മുഴുവൻ കാറിൽ കണ്ണൂരിൽ ചുറ്റിക്കറങ്ങി. ആയങ്കിയെ പിടിക്കാൻ ജില്ലകൾതോറും രഹസ്യമായി രൂപവത്കരിച്ച അന്വേഷണസംഘങ്ങൾ കാടിളക്കി പരിശോധന നടത്തുമ്പോഴും കാറിൽ സ്വൈരവിഹാരം നടത്തുകയായിരുന്നു ആയങ്കി.
അഴീക്കോട്ടെ സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. സുഹൃത്ത് ജോലിചെയ്യുന്ന മട്ടന്നൂരിലെ മരുതായിയിൽ രണ്ടുമണിക്കൂർ ചെലവഴിച്ചു. കണ്ണൂരിനും മട്ടന്നൂരിനും ഇടയിലുള്ള രണ്ട് സ്ഥലങ്ങളിൽനിന്ന് ഭക്ഷണവും മദ്യവും വാങ്ങി കാറിലിരുന്ന് കഴിച്ചു.
അഞ്ചിന് ഉച്ചയോടെയാണ് ഭാര്യയുടെ ഉടമസ്ഥതയിയുള്ള കാറിൽ ആയങ്കി കണ്ണൂരിൽ എത്തിയതെന്നാണ് പോലീസിന് അന്വേഷണത്തിൽ മനസ്സിലായത്. പുതിയതെരു പനങ്കാവിലെ വീട്ടിന് മുന്നിൽ കാർ ഉപേക്ഷിച്ചു. തുടർന്ന് സുഹൃത്തിന്റെ കാറിൽ തളിപ്പറമ്പിലെ വീട്ടിൽ പോയി. ആറിന് രാവിലെ സുഹൃത്ത് കാറുമായി വന്നു. ആയങ്കിയുമായി ഒരുദിവസം മുഴുവൻ കറങ്ങി. രാത്രിയോടെ വീണ്ടും തളിപ്പറമ്പിലെത്തി. വെള്ളിയാഴ്ച രാവിലെ പയ്യന്നൂരേക്ക് പോയി. കാട് ചുറ്റപ്പെട്ട വീട്ടിലാണ് അവിടെ താമസിച്ചത്.
അടുത്തദിവസം വീണ്ടും തളിപ്പറന്പിൽ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെ അഭിഭാഷകയെ കാണാൻ കണ്ണൂർ താളിക്കാവിലെ അപ്പാർട്ട്മെന്റിൽ എത്തി. ഞായറാഴ്ച പുലർച്ചെ 2.15-ഓടെ അറസ്റ്റിലായി.
അവസാന ഭീഷണിപോസ്റ്റ് അഭിഭാഷകയുടെ വീട്ടിൽനിന്ന്
21 ദിവസം വിവിധയിടങ്ങളിൽനിന്ന് സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശമയച്ച ആയങ്കിയുടെ അവസാനത്തെ വീഡിയോസന്ദേശം കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽനിന്നായിരുന്നു. ആയങ്കിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് സൈബർ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ശനിയാഴ്ച രാത്രി ഈ വീട്ടിലെ വൈ ഫൈ ഉപയോഗിച്ചാണ് സന്ദേശം അയച്ചത്. ആയങ്കി അയച്ച എല്ലാ വീഡിയോസന്ദേശങ്ങളും സുഹൃത്തുകളുടെയോ സ്ഥാപനങ്ങളുടെയോ വൈ ഫൈ ഉപയോഗിച്ചാണെന്നും സൈബർസംഘം കണ്ടെത്തി.
ഫെയ്സ്‌ബുക്കിന് അപേക്ഷ നൽകി
സാമൂഹികമാധ്യമങ്ങളിലൂടെ ആയങ്കി പുറത്തുവിട്ട വീഡിയോസന്ദേശത്തിന്റെ ഉള്ളറകൾ തേടി സൈബർ ക്രൈം പോലീസ് ഫെയ്സ്ബുക്കിന് അപേക്ഷ നൽകി. സന്ദേശം പുറപ്പെടുവിച്ച സ്ഥലങ്ങൾ, ആരുടെയൊക്കെ വൈ ഫൈയാണ് ഉപയോഗിച്ചത് തുടങ്ങിയവ ശാസ്ത്രീയമായി കണ്ടെത്താൻ െഎ.പി., െഎ.പി.ഡി.ആർ. തുടങ്ങിയവ പരിശോധിക്കും. ഇന്റർനെറ്റ് പ്രോട്ടോക്കോൾ പ്രകാരം ഇന്റർനെറ്റ് ഡേറ്റ ശേഖരിക്കും. ആയങ്കിയുടെ മൊബൈൽഫോൺ മഹ്സർ തയ്യാറാക്കി കോടതിയിൽ ഹാജരാക്കിയശേഷം ഫൊറൻസിക് ലാബിലയച്ച് ശാസ്ത്രീയപരിശോധന നടത്തും.
കുറ്റങ്ങളെല്ലാം സമ്മതിച്ചെന്ന് പോലീസ്
കേരളാ പോലീസിൽ നല്ല വിശ്വാസമുണ്ടെന്നും പോലീസ് സേനയെ മുഴുവനായും വെല്ലുവിളിച്ചിട്ടില്ലെന്നുമാണ് ആയങ്കിയുടെ മൊഴി. കോതമംഗലം ഇൻസ്പെക്ടറുമായി പ്രശ്നങ്ങളുണ്ട്. അക്കാര്യങ്ങൾ കോടതിയിൽ പറയും. സമൂഹികമാധ്യമങ്ങളിൽ വീഡിയോസന്ദേശം അയച്ചത് താൻതന്നെയാണ്. ആരുടെയും സഹായം ലഭിച്ചിട്ടില്ല. വൈ ഫൈ ഉപയോഗിച്ചാണ് സന്ദേശങ്ങൾ അയച്ചത്-ആയങ്കി മൊഴി നൽകി.
Content Highlights: Arjun Ayanki spent a full day roaming around Kannur in a car while police searched for him., His final threatening video message was sent using a lawyer's Wi-Fi in Kannur., Cyber police approached Facebook to trace IP addresses and data regarding his social media videos., Ayanki was finally arrested around 2:15 AM on Sunday.
Published: 13 Aug 2026, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented