എഴുമറ്റൂർ (പത്തനംതിട്ട): നാട്ടിലിറങ്ങി ലഹരിക്കെതിരേ പോരാടും. വീട്ടിലിരുന്ന് എം.ഡി.എം.എ. വലിക്കും, കച്ചവടവും നടത്തും. ഒരേസമയം രണ്ട് പണിയും ചെയ്തുവന്ന ലഹരിവിരുദ്ധ തട്ടിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പോലീസ് പിടികൂടി. എഴുമറ്റൂർ, കൈമല, പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ(25)നെയാണ് ജില്ലാ ഡാൻസാഫ്, റാന്നി സബ് ഡിവിഷൻ ഡാൻസാഫ് സംഘങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 1.590 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും കണ്ടെത്തി.

To advertise here,

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് ജില്ലാപോലീസ് മേധാവി ആർ. ആനന്ദിന് വിവരം ലഭിച്ചത്. ഡാൻസാഫ് സംഘം ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്ന് കാട്ടി തെറ്റിദ്ധരിപ്പിക്കാൻ ഷെർഫിൻ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പോലീസ് പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു. എം.ഡി.എം.എ. വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഉപകരണം, ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന ഫ്യുവിങ് പൈപ്പുകൾ, പ്ലാസ്റ്റിക് പൈപ്പുകൾ മുതലായവയും കണ്ടെടുത്തു. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷർഫിൻ.