
പുനലൂര്‍: അഞ്ചലിലെ ഉത്രാ വധക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധന പീഡനക്കേസിലെ നാലാം പ്രതി, അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂര്യക്ക് ജോലിക്കായി വിദേശത്തു പോകുന്നതിന് കോടതിയുടെ അനുമതി. കര്‍ശന ഉപാധികളോടെ പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) ആശാ മറിയം മാത്യൂസാണ് അനുമതി നല്‍കിയത്. പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് എതിര്‍പ്പില്ലെന്നും രണ്ടുവര്‍ഷത്തേക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കുന്നതായും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, തൊഴില്‍ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസസ്ഥലം, തൊഴില്‍ ദാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ സത്യവാങ്മൂലം രാജ്യം വിടും മുന്‍പ് കോടതില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്രാ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന, ഉത്രയുടെ ഭര്‍ത്താവ് സൂരജ് എസ്. കുമാറിന്റെ സഹോദരിയാണ് സൂര്യ. എം.ബി.എ. ബിരുദധാരിയായ തനിക്ക് കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നും ഇതിനാല്‍ വിദേശത്ത് തൊഴില്‍ തേടിപ്പോകാന്‍ പാസ്പോര്‍ട്ട് എടുക്കുന്നതിന് അനുവദിക്കണമെന്നും കാട്ടി സൂര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അച്ഛന് രോഗബാധിതനായി കിടപ്പിലായതിനാലും സഹോദരന് ജയിലിലായതിനാലും കുടുംബം നോക്കാന്‍ താന്‍ മാത്രമേയുള്ളൂവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അഭിഭാഷകനായ അനീസ് തങ്ങള്‍കുഞ്ഞാണ് സൂര്യക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
2020 മെയ് ആറിന് അഞ്ചല്‍ ഏറത്തെ സ്വന്തം വീട്ടില്‍ ഉത്ര പാമ്പുകടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് തുടര്‍ന്നുള്ള സ്ത്രീധന പീഡനക്കേസും പോലീസ് രജിസ്റ്റര്‍ ചെയ്തത്. സൂര്യക്ക് പുറമേ സഹോദരന് സൂരജ്, അച്ഛന് സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക എന്നിവരും കേസില്‍ പ്രതികളാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന നടത്തി, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്.
Content Highlights: Anjal uthra murder case culprits gets permission to go abroad with conditions
Published: 08 Aug 2024, 06:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented