കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യല്‍മെഷീനും നല്‍കിയിട്ടുണ്ട്. 

To advertise here,

60-ഓളം ജീവനക്കാരുണ്ടായിരുന്നതായും ഇവര്‍ക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്‌ലാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ ചടങ്ങുകളുടെ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും കണ്ടെത്തി.

അനന്തുവിനെ ഒപ്പമിരുത്തി ബാങ്ക് ഇടപാടുകള്‍ പരിശോധിക്കുന്നു

കൂടുതല്‍ ചോദ്യംചെയ്യലിനായി മുഖ്യ പ്രതി അനന്തുകൃഷ്ണനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോതമംഗലത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി അനുമതിയോടെ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വിശദമായ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ തിരികെ കോടതിയില്‍ ഹാജരാക്കണം.

തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അനന്തു നടത്തിയിട്ടുള്ളത്. 50,000-ത്തിനടുത്ത് ആളുകള്‍ വിവിധ പദ്ധതികള്‍ക്കായി പണം നല്‍കിയിട്ടുണ്ട്. 18,000-ത്തോളം സ്‌കൂട്ടറുകള്‍ അനന്തുവും സംഘവും കൈമാറി. ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവയ്ക്കും പണം നല്‍കിയവര്‍ നിരവധി. 

ലഭിച്ച പണം അപേക്ഷകരല്ലാത്തവര്‍ക്ക് ബാങ്ക് വഴിയും അല്ലാതെയും കൈമാറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഇടപാടുകളില്‍ അനന്തു നേരത്തേ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു. സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ അനന്തുവിന്റെ സാന്നിധ്യത്തില്‍ അക്കൗണ്ട് ഇടപാടുകള്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

ഇതോടൊപ്പം അനന്തുകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നീക്കവും ക്രൈംബ്രാഞ്ച് തുടങ്ങി. ഇതിനുള്ള റിപ്പോര്‍ട്ട് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. കുടയത്തൂരില്‍ അഞ്ചിടത്ത് അനന്തുകൃഷ്ണന്‍ ഭൂമി വാങ്ങിയതായി കണ്ടെത്തിയിരുന്നു.

ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം

പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ടൗണ്‍ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലാലി വിന്‍സെന്റ് രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അറസ്റ്റുണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് നിര്‍ദേശം. നിയമോപദേശം നല്‍കിയ വകയിലാണ് അനന്തുകൃഷ്ണനില്‍നിന്ന് പണം കൈപ്പറ്റിയതെന്ന് ലാലി വിന്‍സെന്റ് വ്യക്തമാക്കിയിരുന്നു.

സമാന കേസിലെ മറ്റു ചില പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും കോടതി തീര്‍പ്പാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ മൂന്നാഴ്ചയ്ക്കകം ഹാജരാകാനും മൂന്നുദിവസം ചോദ്യംചെയ്ത ശേഷം ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അറസ്റ്റുണ്ടായാല്‍ ജാമ്യ ഹര്‍ജി നല്‍കുന്ന പക്ഷം മജിസ്‌ട്രേറ്റ് കോടതി അന്നുതന്നെ നിയമപരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നും ഉത്തരവിലുണ്ട്.