ആലപ്പുഴ: സംഘര്‍ഷസ്ഥലത്തെത്തിയ പോലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ചെന്ന് പരാതി. ആലപ്പുഴ നൂറനാട്ടാണ് സംഭവം. പോലീസുകാര്‍ ഇരുചക്രവാഹനങ്ങള്‍ മറിച്ചിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

To advertise here,

പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായതോടെ വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ജീപ്പ് കണ്ടതോടെ യുവാക്കളെല്ലാം ചിതറിയോടി. ഇതിനുപിന്നാലെയാണ് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്ന ഇരുചക്രവാഹനങ്ങള്‍ നശിപ്പിച്ചത്. നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ പോലീസുകാര്‍ തള്ളിക്കൊണ്ടുപോയി നിലത്തേക്ക് മറിച്ചിടുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. 

സ്ഥലത്ത് സംഘര്‍ഷമുണ്ടായെന്നും തുടര്‍ന്ന് റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ അരികിലേക്ക് മാറ്റുകയാണ് ചെയ്തതെന്നുമായിരുന്നു സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. 

സംഭവത്തില്‍ പോലീസിനെതിരേ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ എസ്.പി. അടക്കം പരാതി നല്‍കാനാണ് നീക്കം. അതിനിടെ, സംഘര്‍ഷത്തില്‍ പത്തുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസും അറിയിച്ചു.