ഷാനവാസ് ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനംചെയ്യുന്ന ദൃശ്യം പുറത്ത്; വിവാദങ്ങളില്‍ ഉലഞ്ഞ് ആലപ്പുഴയിലെ CPM


ലഹരിവിരുദ്ധ ജാഗ്രതാ സദസ്സിൽ എ. ഷാനവാസ്

ആലപ്പുഴ: തുടരെയുണ്ടാകുന്ന വിവാദങ്ങളില്‍ നീറി ആലപ്പുഴയിലെ സി.പി.എം. ഒരു ഏരിയ കമ്മിറ്റിയംഗം ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങളാണ് ആദ്യം വിവാദമായത്. പിന്നാലെ കുട്ടനാട്ടിലെ പാര്‍ട്ടിയില്‍ തുടരെ രാജിയുണ്ടായി. ഇവയുടെ പ്രകമ്പനങ്ങള്‍ തുടരുമ്പോഴാണ് ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ് മറ്റൊരു വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ഈ സംഭവത്തില്‍ അറസ്റ്റിലായ ഒരു ബ്രാഞ്ചംഗത്തെ പുറത്താക്കുകയും ചെയ്തു.

ഷാനവാസിന്റെ വണ്ടിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ പിടിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്. നേരിട്ടു ബന്ധമില്ലെന്ന് വാദിച്ചാലും ഇതിന്റെ ധാര്‍മ്മികപ്രശ്‌നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പാര്‍ട്ടിക്ക് ആകുമോ എന്നാണ് അനുഭാവികളുടെ ചോദ്യം.

വാടകയ്ക്കു കൊടുത്ത വണ്ടിയില്‍ എന്താണു കൊണ്ടുവന്നതെന്ന് അറിയില്ലെന്ന ഷാനവാസിന്റെ വാദം പാര്‍ട്ടി തള്ളി. പുകയിലക്കടത്തില്‍ ഉള്‍പ്പെട്ടവര്‍ ആലപ്പുഴക്കാരാണെന്നതും അറസ്റ്റിലായയാള്‍ ഷാനവാസിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നതുമാണ് ഷാനവാസിന്റെ വാദങ്ങള്‍ അസ്വീകാര്യമാകാന്‍ കാരണം. അടിയന്തരമായി വിളിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗം രണ്ടരമണിക്കൂറോളമാണ് ഈ വിഷയം ചര്‍ച്ചചെയ്തത്.

ഷാനവാസിനെ ഉടന്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന് ഏതാനുംപേര്‍ നിലപാടെടുത്തു. എന്നാല്‍, മുമ്പ് മറ്റൊരു നേതാവിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചതു ചൂണ്ടിക്കാട്ടി മറ്റൊരുവിഭാഗം ഉടനെയുള്ള നടപടിയെ എതിര്‍ത്തു. പാര്‍ട്ടിക്കു മുമ്പില്‍ ഇപ്പോള്‍ തെളിവൊന്നുമില്ലാത്തതിനാല്‍ ഒരു കമ്മിഷനെ വെച്ച് ഇതും അന്വേഷിക്കണമെന്ന നിലപാടാണ് മന്ത്രി സജി ചെറിയാനും സ്വീകരിച്ചത്.

ഈ നിലപാടിനു മുന്‍തൂക്കം ലഭിച്ചതോടെയാണ് തത്കാലം സസ്പെന്‍ഡുചെയ്തശേഷം അന്വേഷിക്കാന്‍ തീരുമാനിച്ചത്. ജി. ഹരിശങ്കറെ കണ്‍വീനറായും കെ.എച്ച്. ബാബുജാനെയും ജി. വേണുഗോപാലിനെയും അംഗങ്ങളുമായി മൂന്നംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഷാനവാസിനെക്കൂടി യോഗത്തിലേക്കു വിളിച്ചുവരുത്തി വിശദീകരണം കേട്ടശേഷമാണ് സെക്രട്ടേറിയറ്റ് ഈ തീരുമാനത്തിലെത്തിയത്.

ഒരു നേതാവിന്റെ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അടുത്ത ശനിയാഴ്ചത്തെ ജില്ലാ സെക്രട്ടേറിയറ്റിനു മുമ്പ് ഇതു ലഭിച്ചാല്‍ യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. വിഭാഗീയതയുടെ ഭാഗമായാണ് ഈ വിഷയങ്ങള്‍ പുറത്തുവരുന്നതെന്ന സംശയം നേതാക്കള്‍ക്കുണ്ട്. ഒരാളെ കുടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറിച്ചുള്ള പണി എതിര്‍പാളയത്തുനിന്നു വരുന്നു.

കുട്ടനാടു വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ഏരിയ കമ്മിറ്റി യോഗം വിളിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. തകഴി ഏരിയ കമ്മിറ്റി പ്രത്യേകമായി വിളിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. കുട്ടനാട് ഏരിയയിലെ പ്രശ്‌നങ്ങള്‍ ജില്ലാഘടകം തന്നെയാകും പരിശോധിക്കുക. ഇതിനും പ്രത്യേക യോഗംചേരും. കഴിഞ്ഞ പാര്‍ട്ടിസമ്മേളനകാലം മുതല്‍ തുടരുന്ന കുട്ടനാട്ടിലെ രാജികള്‍ സമ്മര്‍ദതന്ത്രമാണെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിനുള്ളത്. അവിടെ ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ലെന്നും അവര്‍ പറയുന്നു.

നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ വിവിധ സംഘടനകളുടെ ലഹരിവിരുദ്ധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത് എ. ഷാനവാസാണ്. എന്‍.ജി.ഒ. യൂണിയന്‍ അടുത്തിടെ നടത്തിയ ലഹരിക്കെതിരേയുള്ള ജാഗ്രതാസദസ്സ് ഉദ്ഘാടനംചെയ്തതും ഇയാളായിരുന്നു.

ഷാനവാസിനെതിരേ നടപടി ആവശ്യപ്പെട്ട് സംഘടനകള്‍

ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി കരുനാഗപ്പള്ളിയില്‍ പോലീസ് പിടിച്ചെടുത്ത ലോറിയുടെ ഉടമ ആലപ്പുഴ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ എ. ഷാനവാസിനെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ആവശ്യപ്പെട്ടു.

ലഹരിക്കടത്തില്‍ ഷാനവാസ് കുറ്റംചെയ്‌തെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് സി.പി.എം. അദ്ദേഹത്തെ സസ്‌പെന്‍ഡുചെയ്തത്. അറസ്റ്റുചെയ്യാന്‍ പോലീസ് മടിക്കുന്നത് സി.പി.എം. ഉന്നതന്റെ സമ്മര്‍ദത്താലാണ്. ഭരണകൂട ജീര്‍ണതയാണ് സി.പി.എം. നിലപാടിലൂടെ വ്യക്തമാക്കുന്നതെന്നും ബാബുപ്രസാദ് കുറ്റപ്പെടുത്തി.

ഷാനവാസ് ഉടന്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സ്ഥാനവും കൗണ്‍സിലര്‍ പദവിയും രാജിവെക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ ആവശ്യപ്പെട്ടു.

ഭരണകക്ഷി ജനപ്രതിനിധിയുടെ ലഹരിക്കടത്തുകാരുമായുള്ള ബന്ധം പുറത്തുവന്ന പശ്ചാത്തലത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികള്‍ക്കും കര്‍ശനശിക്ഷ ഉറപ്പാക്കണമെന്ന് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷി നേതാവില്‍ നിന്നുണ്ടായ നടപടി അപമാനകരമാണെന്ന് കേരള പ്രദേശ് മദ്യവിരുദ്ധസമിതി അഭിപ്രായപ്പെട്ടു.

Content Highlights: alappuzha, shanavas, cpm issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented