ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മാടപ്പുരയ്ക്കൽ പടീറ്റതിൽ വാടകയ്ക്ക് താമസിക്കുന്ന ശിവൻകുട്ടി(67)യാണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി, കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.

To advertise here,

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. അതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. 

വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മോഷണശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശിവൻകുട്ടിയുടെ ദേഹത്തും വീട്ടിനുള്ളിലുമുണ്ടായിരുന്ന ആറുപവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. ഹരിപ്പാട് പോലീസ് അന്വേഷണം തുടങ്ങി. 

സരസ്വതിയാണ് ശിവൻകുട്ടിയുടെ ഭാര്യ. മക്കൾ: ശശികല, ശ്രീകല.