
ആലപ്പുഴ: ആലപ്പുഴയില്‍ പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് പ്രത്യേക അന്തരീക്ഷത്തിലും സാങ്കേതിക വിദ്യയിലും വളര്‍ത്തിയെടുക്കുന്നതാണ്. ആഫ്രിക്കന്‍- ഇന്ത്യന്‍ കഞ്ചാവുകളുടെ വിത്തുകള്‍ ചേര്‍ത്താണ് ഈയിനം വികസിപ്പിക്കുന്നത്. കൃത്രിമവെളിച്ചത്തിലും അടച്ചിട്ട മുറികളിലുമാണ് കൃഷി. മണ്ണില്ലാതെ പ്രത്യേക ലായനിയിലാണ് വളര്‍ത്തുന്നത്. അപകടകരമായ ഊര്‍ജം ഇതിലൂടെ ലഭിക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മണിക്കൂറുകള്‍ ഇതിന്റെ ലഹരി നീണ്ടുനില്‍ക്കും. എംഡിഎംഎ വില്‍പ്പനക്കാര്‍പോലും അത് വിറ്റുകിട്ടുന്ന പണം കൊണ്ട് ഈ കഞ്ചാവ് വാങ്ങുമെന്ന് എക്സൈസ് പറയുന്നു. ചില രാജ്യങ്ങളില്‍ ഇത് നിയമപരമാണ്. പ്രത്യേകിച്ച് തായ്ലാന്ഡില്. അവിടെനിന്നാണ് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്.
രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി ചെന്നൈ കത്തിവാക്കം ഉലകനാഥപുരം എണ്ണൂര്‍ ഫോര്‍ത്ത് സ്ട്രീറ്റ് നമ്പര്‍ 85-ല്‍ താമസിക്കുന്ന തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന-41)യെയും ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ. ഫിറോസി(26)നെയും എക്സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് മാരാരിക്കുളത്തെ റിസോര്‍ട്ടില്‍നിന്നാണ് ഇവരെ പിടിച്ചത്.
പിടികൂടിയ കഞ്ചാവ് ഗ്രാമിന് 10,000 രൂപയാണു വില. സാധാരണ കഞ്ചാവിന് 500 രൂപയും. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്കി. ആഫ്രിക്കന്‍-ഇന്ത്യന്‍ കഞ്ചാവുകളുടെ സങ്കരയിനമാണ് ഹൈബ്രിഡ് ഇനം. സിനിമരംഗത്തെ ചിലരുമായി അടുത്ത ബന്ധമുണ്ടെന്നും ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ എക്സൈസിനു മൊഴി നല്കി. ഇതു സംബന്ധിച്ച് വിശദമായി അന്വേഷിച്ചാലേ കൃത്യത വരൂ.
ഇടപാടുകള്‍ക്കായി തസ്ലിമ റിസോര്‍ട്ടിലെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. ഫിറോസിനോടൊപ്പം കാറിലെത്തിയ ഇവരെ പുറത്തിറങ്ങിയ ഉടന്‍ പിടിച്ചു. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പമാണു വന്നതെങ്കിലും അവരെ റിസോര്‍ട്ടിനു പുറത്തിറക്കിയിരുന്നു. അവര്‍ക്ക് കഞ്ചാവുകടത്തുമായി ബന്ധമില്ലെന്ന് എക്സൈസ് പറഞ്ഞു. ആലപ്പുഴയില്‍ ടൂറിസംരംഗത്തുള്ളവര്‍ക്കു കഞ്ചാവ് എത്തിക്കുന്നതിനാണ് സുഹൃത്തായ ഫിറോസിന്റെ സഹായംതേടിയത്. ഓണ്‍ലൈനായാണ് പണമിടപാട്. കഞ്ചാവെത്തിക്കുന്നത് ഫിറോസായിരുന്നു.
ലഹരിക്കടത്തിന് മറയായി കുടുംബം
തസ്ലിമ ലഹരിക്കടത്തിന് മറയായി ഉപയോഗിച്ചിരുന്നത് കുടുംബത്തെയാണ്. ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവര്‍ ചെന്നൈയിലാണ് സ്ഥിരതാമസം. വന്‍ തോതില്‍ ലഹരികടത്തേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഇവരെയും കൂട്ടും. കൊച്ചിയില്‍നിന്ന് കഞ്ചാവുമായി ആലപ്പുഴയിലേക്കുള്ള കാര്‍യാത്രയിലും കുടുംബം ഒപ്പമുണ്ടായിരുന്നു. പരിശോധനയ്ക്കുള്ള സാധ്യത കുറയുമെന്നതിനാലാണ് കുടുംബത്തെ കൂട്ടുന്നത്.
ഭര്‍ത്താവിനോ മക്കള്‍ക്കോ ലഹരിക്കടത്തിനെ സംബന്ധിച്ച് യാതൊരറിവുമില്ലെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. യുവതി മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്ക് കയറുമ്പോള്‍ കുടുംബത്തെ പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു. എക്സൈസ് ഇവരെ പിടികൂടുമ്പോഴാണ് കുടുംബം അറിയുന്നത്.
ഒരു കൂസലും എതിര്‍പ്പും യുവതിക്ക് ഇല്ലായിരുന്നു. കൃത്യമായ വിവരങ്ങള്‍ ഇവര്‍ പറയുന്നില്ലെങ്കിലും നടപടികളെയൊന്നും ഭയമില്ലാത്ത രീതിയിലാണ് പെരുമാറ്റം. രാത്രി കസ്റ്റഡിയില്‍ കഴിഞ്ഞ ഇവര്‍ സുഖമായി ഉറങ്ങിയതായും ഭക്ഷണമെല്ലാം ആവശ്യത്തിന് ചോദിച്ചുവാങ്ങി കഴിച്ചതായും എക്സൈസ് പറഞ്ഞു.

ഇനിയും പ്രതികള്‍
സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് എക്സൈസ് നല്കുന്ന സൂചന. കൊറിയര്‍ വഴിയാണ് ഇവരുടെ പക്കല്‍ കഞ്ചാവ് കിട്ടിയതെന്നാണ് മൊഴിയെങ്കിലും ഇത് എക്സൈസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരിക്കും ഇനി അന്വേഷണത്തിന്റെ പൂര്‍ണ ചുമതല. പ്രതികളുടെ ഫോണ്‍ രേഖകളും ഫോണും അടക്കം ശാസ്ത്രീയമായി പരിശോധിക്കണം. ഇവരുടെ ബന്ധങ്ങളും ഇടപാടുകളും ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് നിഗമനം. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണസംഘം.
കഞ്ചാവ് കച്ചവടം ചെന്നൈ കേന്ദ്രീകരിച്ച്
ചെന്നൈയില്‍ സ്ഥിരതാമസമാക്കി അവിടം കേന്ദ്രീകരിച്ചായിരുന്നു തസ്ലിമ കഞ്ചാവു വിറ്റിരുന്നത്. അവിടെ സിനിമമേഖലയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നു പറയുന്നു. മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളറിയാം. കുറച്ചുദിവസമായി എറണാകുളം കാക്കനാട്ടെ ലോഡ്ജിലായിരുന്നു സ്ത്രീ താമസിച്ചത്. മൂന്നുവര്‍ഷം മുന്‍പ് തസ്ലിമയ്ക്കെതിരേ തൃക്കാക്കര പോലീസ് പോക്സോ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ മയക്കുമരുന്നു നല്കി പീഡിപ്പിച്ചതിനായിരുന്നു ഇത്.
Content Highlights: alappuzha hybrid ganja case taslima arrest
Published: 03 Apr 2025, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented