
ലുധിയാന: പഞ്ചാബില്‍ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ആംആദ്മി എംഎല്‍എയ്‌ക്കെതിരേയുള്ളത് ബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസുകള്‍. ആംആദ്മി എംഎല്‍എയായ ഹര്‍മീത് പത്തന്‍മാജ്രക്കെതിരേയാണ് ബലാത്സംഗം, വഞ്ചനാക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നത്. 45 വയസ്സുള്ള സ്ത്രീയായിരുന്നു പരാതിക്കാരി. ഈ കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിനുനേരേ വെടിയുതിര്‍ത്ത് എംഎല്‍എ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.
പഞ്ചാബിലെ സനൗറില്‍നിന്നുള്ള എംഎല്‍എയാണ് ഹര്‍മീത്. ചൊവ്വാഴ്ച രാവിലെ കര്‍ണാലില്‍നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എംഎല്‍എയും കൂട്ടാളികളും പോലീസിനുനേരേ വെടിയുതിര്‍ത്ത് കടന്നുകളഞ്ഞത്. രണ്ട് കാറുകളിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇതിനിടെ ഒരു പോലീസുകാരന്‍ വാഹനം തടയാന്‍ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു. പിന്നീട് എംഎല്‍എ സഞ്ചരിച്ച കാര്‍ മറ്റൊരിടത്തുവെച്ച് പോലീസ് തടഞ്ഞെങ്കിലും എംഎല്‍എ വാഹനത്തിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടിരുന്നു. അതേസമയം, തടഞ്ഞിട്ട കാറില്‍നിന്ന് മൂന്ന് തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു. ഒളിവില്‍പോയ എംഎല്‍എയ്ക്കായി പോലീസിന്റെ ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്.
വിവാഹമോചിതനാണെന്ന് കള്ളംപറഞ്ഞ് വിവാഹംകഴിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് 45-കാരി എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയിരുന്നത്. ഇതിനുപുറമേ തനിക്കെതിരേ ഭീഷണി മുഴക്കിയതായും അശ്ലീലചിത്രങ്ങള്‍ അയച്ചുനല്‍കിയതായും പരാതിക്കാരി ആരോപിച്ചിരുന്നു.
പരാതിക്കാരിയായ 45-കാരി വിവാഹമോചിതയാണ്. ഇവരുടെ ഏകമകള്‍ വിദേശത്താണുള്ളത്. താനും വിവാഹമോചിതനാണെന്ന് പറഞ്ഞാണ് ഹര്‍മീത് ഇവരുമായി ബന്ധം സ്ഥാപിച്ചത്. 2013-ല്‍ താന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് എംഎല്‍എ പരാതിക്കാരിയോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് 2021-ല്‍ പരാതിക്കാരിയും എംഎല്‍എയും ലുധിയാനയിലെ ഒരു ഗുരുദ്വാരയില്‍വെച്ച് വിവാഹിതരായി. എന്നാല്‍, 2022-ല്‍ ഹര്‍മീത് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതോടെയാണ് പരാതിക്കാരിക്ക് സത്യം ബോധ്യപ്പെട്ടത്.
തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് ആദ്യഭാര്യയുടെ പേരാണ് എംഎല്‍എ നല്‍കിയിരുന്നത്. പരാതിക്കാരി ഇക്കാര്യമറിഞ്ഞതോടെ ചോദ്യംചെയ്തു. എന്നാല്‍, എംഎല്‍എ ഇവരെ സമ്മര്‍ദത്തിലാക്കുകയും ഉടന്‍തന്നെ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താമെന്ന് പറയുകയുമായിരുന്നു. എന്നാല്‍, എംഎല്‍എ തന്നെ വഞ്ചിച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് പരാതിക്കാരി പിന്നീട് പോലീസിനെ സമീപിച്ചത്.
Content Highlights: AAP MLA Harmeet Pathanmajra, accused of rape and other serious crimes, fired at police
Published: 02 Sept 2025, 06:28 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented