മംഗളൂരു: ചന്ദനം അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 55 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 78 വയസ്സുകാരനെ ദക്ഷിണ കന്നഡ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു.

To advertise here,

മലപ്പുറം സ്വദേശിയായ പ്രതി സി.ആർ. ചന്ദ്രനെതിരെ, ചന്ദനമോഷണവുമായി ബന്ധപ്പെട്ട് 1970-ൽ പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 1969-ലെ മൈസൂർ ഫോറസ്റ്റ് ചട്ടങ്ങളിലെ 154, 155(2) വകുപ്പുകളും മൈസൂർ ഫോറസ്റ്റ് നിയമത്തിലെ 86-ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരുന്നത്.

1970 ജൂലൈ 26-ന് ഇയാൾ അനധികൃതമായി ചന്ദനം കടത്തുകയായിരുന്നു എന്നാണ് കേസ്. ബുലേരികാട്ടെ ചെക്ക് പോസ്റ്റിൽവെച്ച് പോലീസ് കാർ തടയുകയും ഇയാൾക്കെതിരെ കേസെടുക്കുകയുമായിരുന്നു. ജില്ലയിൽ കണ്ടെത്തുന്ന ഏറ്റവും പഴയ കേസുകളിൽ ഒന്നാണിതെന്ന് പോലീസ് പറഞ്ഞു.

ചന്ദ്രൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ എൽപിസി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ രാമനാട്ടുകരയ്ക്കു സമീപമുള്ള പുളിക്കലിൽവെച്ച് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.