ബറേലി: ഉത്തര്‍പ്രദേശില്‍ പലതവണ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 11-കാരി കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ച് അര മണിക്കൂറിനു ശേഷം കുഞ്ഞ് മരിച്ചു. 11-കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 31-കാരനായ റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനായ ഇയാള്‍ രണ്ടു കുട്ടികളുടെ പിതാവുകൂടിയാണ്.

To advertise here,

ശനിയാഴ്ചയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭം ധരിച്ച് ഏഴാം മാസമായിരുന്നു പ്രസവം. കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ആറോ ഏഴോ മാസം മുമ്പ് പഴം നല്‍കാമെന്നു പറഞ്ഞ് റാഷിദ് പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെവെച്ചാണ് റാഷിദ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ പെണ്‍കുട്ടിയേയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് നവാബ്ഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടി കടുത്ത വയറുവേദനയെടുക്കുന്നുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയയാക്കിയതോടെയാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പിന്നാലെ കുട്ടിയെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെവെച്ച് ശനിയാഴ്ചയാണ് പെണ്‍കുട്ടി പ്രസവിക്കുന്നത്. വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തു.

പ്രസവത്തിനു പിന്നാലെ രക്തനഷ്ടവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം പെണ്‍കുട്ടിയുടെ നില ഗുരുതരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ജില്ലാ വനിതാ ആശുപത്രി സിഎംഎസ് ഡോ. ത്രിഭുവന്‍ പ്രസാദ് പറഞ്ഞു.