
വിരമിക്കാന്‍ ഒരു വര്‍ഷം കൂടി സര്‍വീസ് ബാക്കിയിരിക്കെ സ്വയം വിരമിച്ച് അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ സോഷ്യോളജി ആന്‍ഡ് ക്രിമിനോളജി പ്രൊഫസറാവാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ് ഡി.ജി.പി ഡോ.ടി.കെ.വിനോദ്കുമാര്‍. കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ അന്വേഷിച്ചിട്ടും ഒരിക്കലും വിവാദത്തില്‍ കുടുങ്ങാത്ത സംശുദ്ധമായ പ്രതിച്ഛായ സൂക്ഷിക്കാന്‍ കഴിഞ്ഞ അദ്ദേഹം കലാപങ്ങളും തീവ്രവാദവും അടിച്ചമര്‍ത്തിയും രഹസ്യാന്വേഷണത്തില്‍ മികവുകാട്ടിയും ശ്രദ്ധേയനായിരുന്നു. ഡോ.വിനോദ് കുമാര്‍ ഐ.പി.എസ് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
നേരത്തേ സ്വയം വിരമിക്കല്‍
അമേരിക്കന്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാനുള്ള ഓഫര്‍ കഴിഞ്ഞ വര്‍ഷമേ വന്നതാണ്. ശമ്പളമില്ലാത്ത ലീവെടുത്തു പോകാനുള്ള അപേക്ഷ കേന്ദ്രം അനുവദിച്ചില്ല. ഈ വര്‍ഷം ഓഗസ്റ്റ്‌വരെ മാത്രമേ കാത്തിരിക്കൂവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ഈ തീരുമാനമെടുത്തത്. രണ്ടു ദിവസത്തിനകം അമേരിക്കയ്ക്ക് തിരിക്കും.
ഐ.പി.എസിലേക്കുള്ള വഴി
ധന്‍ബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈനിംഗില്‍ നിന്ന് പെട്രോളിയം എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദം നേടിയ ശേഷം ബോംബെയിലെ ഒ.എന്‍.ജി.സിയുടെ റീജണല്‍ ബിസിനസ് സെന്ററില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറായി ജോലി കിട്ടി. അവിടെ ജോലി ചെയ്യുമ്പോഴാണ് 1992-ല്‍ സിവില്‍ സര്‍വീസ് സെലക്ഷന്‍ കിട്ടുന്നത്. ഐ.പി.എസിനോട് വളരെ താല്‍പ്പര്യമായിരുന്നു.
അക്കാദമിക വിഷയങ്ങളിലെ താല്‍പ്പര്യം
ചെറുപ്പത്തിലേ നല്ല വായനാശീലമുണ്ടായിരുന്നു, ക്വിസ് മത്സരങ്ങളിലും മറ്റും പങ്കെടുക്കുമായിരുന്നു. 2001-02 കാലത്ത് ഐക്യരാഷ്ട്ര മിഷന്റെ ഭാഗമായി പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് പബ്ലിക് പോളിസി, കോണ്‍ഫ്ലിക്ട് റെസല്യൂഷന്‍, പീസ് മേക്കിംഗ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അടുത്തു നിന്ന് മനസ്സിലാക്കുന്നത്. ഈ മേഖലകളില്‍ ഏറെ ചെയ്യാനുണ്ട്, പക്ഷേ, വൈദഗ്ധ്യമുള്ളവര്‍ കുറവാണ് എന്നുകണ്ടു. തിരികെ വന്ന് ജി.ആര്‍.ഇ പരീക്ഷ എഴുതി. അമേരിക്കയിലെ മുന്നു നാലു സര്‍വകലാശാലകള്‍ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തു. പിന്നീട് ഇന്ത്യാനാ സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടി. 2013-ല്‍ Public Events and Police Response Understanding; Public Order Policing in Democratic India എന്ന പുസ്തകം രചിച്ചു. ഗൂഗിള്‍ സ്‌കോളറില്‍ എന്റെ പേരുവെച്ചു സെര്‍ച്ച് ചെയ്താല്‍ ഞാനെഴുതിയ നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും കാണാം.
കൂടുതൽ പ്രീമിയം ലേഖനങ്ങൾ വായിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുക
മാറാട് കലാപത്തില്‍ അങ്ങു വഹിച്ച പങ്കിനെ ജുഡീഷ്യല്‍ കമ്മിഷന്‍ ശ്ലാഘിച്ചിരുന്നല്ലോ ആ സംഭവത്തെ കുറിച്ച് എങ്ങനെയാണ് ഓർക്കുന്നത്
കലാപം തുടങ്ങിയ ശേഷമാണ് അവിടെ എത്തിയത്. ഏതാണ്ട് കൈവിട്ടുപോയ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു ദൗത്യം. ഞങ്ങള്‍ തീരപ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തുവന്നാലും നേരിടാനുള്ള വ്യക്തമായ പദ്ധതി ഞങ്ങള്‍ക്കുണ്ടായിരുന്നു. അന്ന് കെ.ജെ.ജോസഫ് ആയിരുന്നു ഡി.ജി.പി. ഞാന്‍ കോഴിക്കോട് സിറ്റി കമ്മീഷണറും. 2003 മെയ് രണ്ടിന് നടന്ന കലാപത്തില്‍ ഒന്‍പതു പേരാണ് മരിച്ചത്. തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളില്‍ പോലീസ് ഇരുവിഭാഗത്തെയും കര്‍ശനമായി നിയന്ത്രിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് കലാപത്തെ അമര്‍ച്ച ചെയ്യാനും മാറാട് ബീച്ചിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷം പടര്‍ന്നു പിടിക്കാതെ നോക്കാനും പോലീസിനായി. എന്തും ചെയ്യാന്‍ മടിയില്ലാതെ മുഖാമുഖം നിന്ന ആയുധധാരികളായ ജനക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ധൈര്യപൂര്‍വം ഇറങ്ങിച്ചെന്ന് കലാപം അടിച്ചമര്‍ത്താനായി. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം പ്രദേശത്ത് തങ്ങി സമാധാനം നിലനിര്‍ത്തുന്നതിന് നടത്തിയ ശ്രമങ്ങള്‍ വിജയകരമായി. തിരിച്ചടി ഭയന്ന് ഓടിപ്പോയ മുസ്ലിങ്ങളെ തിരികെക്കൊണ്ടു വരാനും ഇരകളെ പുനരധിവസിപ്പിക്കാനും നേതൃത്വം നല്‍കി. മാറാട് ഇപ്പോഴും വ്യത്യസ്തവിഭാഗക്കാര്‍ ഒരുമിച്ചു കഴിയുന്നത് നടപടികള്‍ ഫലപ്രാപ്തിയെത്തിയതിന്റെ തെളിവാണ്. വളരെ സിസ്റ്റമാറ്റിക്കായി പ്രതികരിക്കുന്ന ഒരു സംവിധാനം ഞങ്ങളുണ്ടാക്കിയിരുന്നു. അവിടെ നിന്നും ഇപ്പോഴും ആള്‍ക്കാര്‍ എന്നെ വിളിക്കാറുണ്ട്.
2008-ലെ കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്
തടിയന്റവിട നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഭീകരസംഘടനയായ ലഷ്‌കറെ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതാണ് കേസ്. കേസിലെ ഇരുപത്തിനാല് പ്രതികളില്‍ നാല് പേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കേരളത്തില്‍ ഭീകരപ്രവര്‍ത്തനമോ എന്നായിരുന്നു ഞാനുള്‍പ്പെടെ എല്ലാവരും ആദ്യം ചിന്തിച്ചത്. മാറാട് കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന ജനപ്രീതിയാണ് കേസിന് പെട്ടെന്ന് തുമ്പുണ്ടാക്കിയത്. കശ്മീര്‍ അതിര്‍ത്തിയില്‍ (എല്‍.ഒ.സി) കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന ഒരു മലയാളി സൈനികന്‍ മലയാളത്തില്‍ ചില തീവ്രവാദികള്‍ സംസാരിക്കുന്ന സിഗ്‌നലുകള്‍ പിടിച്ചെടുത്തു. നോക്കുമ്പോള്‍ എല്‍.ഒ.സിയില്‍ നിന്നാണ് വിളി. ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണ് സംസാരിക്കുന്നത്. സംസാരത്തിന്റെ ഉള്ളടക്കം അയാളെ ഞെട്ടിച്ചു. എന്നെക്കുറിച്ച് കേട്ടിരുന്ന സൈനികന്‍ എന്റെ നമ്പര്‍ കണ്ടുപിടിച്ച് വിളിക്കുന്നു. പിന്നീട് നേരില്‍ വന്ന് തെളിവുകളടക്കമുള്ള (ശബ്ദരേഖകള്‍) വിവരങ്ങള്‍ കൈമാറി.
കേരളത്തിലും ഹൈദരാബാദിലും ഗള്‍ഫിലും വേരുകളുണ്ടായിരുന്ന കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും പ്രതികളെയെല്ലാം അറസ്റ്റു ചെയ്ത് ശിക്ഷ വാങ്ങിക്കൊടുക്കാനുമായത് അങ്ങനെയാണ്. ആ ഉദ്യോഗസ്ഥന്‍ സൈന്യത്തില്‍ നിന്നും വിരമിച്ചു, ഇപ്പോള്‍ മറ്റൊരു ജോലിയിലാണ്. പിടിയില്‍ നിന്നും രക്ഷപ്പെട്ട നസീറിനെ വീണ്ടും പിടികൂടുന്നതിന് സഹായിച്ചത് ജാഗ്രതയോടെയുള്ള നിരീക്ഷണമാണ്. അക്കാലത്ത് ബംഗ്ലാദേശി പത്രങ്ങള്‍ ദിവസവും വായിക്കുമായിരുന്നു. ഇതുപോലെയുള്ള കുറ്റവാളികള്‍ ഇന്നല്ലെങ്കില്‍ നാളെ എന്തെങ്കിലും ചെയ്യാതിരിക്കില്ലല്ലോ. ഒടുവില്‍ അവിടത്തെ അമേരിക്കന്‍ എംബസി ആക്രമണവുമായി ബന്ധപ്പെട്ട് ചിറ്റഗോംഗില്‍ പിടിയിലായവരില്‍ രണ്ട് ദക്ഷിണേന്ത്യക്കാര്‍ ഉണ്ടെന്നു മനസ്സിലായി. അന്നത്തെ മേധാവി സിബി മാത്യുവിനോടു പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടു, ബംഗ്ലാദേശ് അവരെ ഇന്ത്യക്ക് കൈമാറി.
ഇത്രയൊന്നും ബൃഹത്തും സങ്കീര്‍ണവും ശക്തവുമല്ലായിരുന്നു സിമിയുമായി ബന്ധപ്പെട്ട വാഗമണ്‍, പാനായിക്കുളം കേസുകള്‍. ഇവയടക്കമുള്ള തീവ്രവാദക്കേസുകള്‍ വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്തത്. കണ്ണില്‍ കണ്ടവരെയെല്ലാം പിടിച്ച് ചോദ്യം ചെയ്യുകയോ അകത്തിടുകയോ ചെയ്തില്ല. ചോദ്യംചെയ്യലിന് പീഡനമുറകള്‍ ഉപയോഗിച്ചില്ല. മതമൗലിക വാദത്തില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും ചെറുപ്പക്കാരെ പിന്തിരിപ്പിക്കാനുള്ള പ്രത്യേക പരിശീലന പദ്ധതികള്‍ നടപ്പാക്കി. ഇവയില്‍ എട്ടരലക്ഷത്തോളം യുവാക്കള്‍ പങ്കെടുത്തു.
കേരളത്തിലെ തീവ്രവാദപ്രവണതകള്‍
അത്രയ്ക്ക് കാര്യമായ തീവ്രവാദപ്രശ്നങ്ങളൊന്നും കേരളത്തിലില്ലെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അനായാസം ഇല്ലാതാക്കാന്‍ കഴിയുന്നവയാണ്
പോലീസില്‍ ക്രിമിനലിസം കൂടുന്നത് സംബന്ധിച്ച്
ഇപ്പോള്‍ അതിനെക്കുറിച്ചു പറയുന്നത് ശരിയാവില്ല. പോലീസിന്റേത് വലിയ അധികാരങ്ങള്‍ ഉള്ള ജോലിയാണ്. അത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൃത്യമായ നിയന്ത്രണങ്ങളും ചട്ടങ്ങളും വേണം. പോലീസിന്റെ ജോലി ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ്. അതിനാല്‍ സംഘബോധം വളര്‍ത്തുക വളരെ പ്രധാനമാണ്. പോലീസുകാരെ പറ്റാത്ത കാര്യങ്ങളും തെറ്റായ കാര്യങ്ങളും ചെയ്യിക്കരുത്. അക്ഷീണമായ കഠിനപ്രയത്നവും തുടര്‍ച്ചയായ മേല്‍നോട്ടവും ഈ ജോലിക്ക് ആവശ്യമാണ്. വലിയ കേസുകളെ ചെറിയ ഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ഉത്തരവാദിത്തമേല്‍പ്പിച്ച് പിശകു വരുമ്പോള്‍ ഇടപെട്ടുകൊണ്ടിരിക്കണം.
രാഷ്ട്രീയ ഭരണാധികാരികളുമായുള്ള ബന്ധം..
മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമുണ്ടായിരുന്നു. ഓഖി, പ്രളയങ്ങള്‍, കോവിഡ് മഹാമാരി, ശബരിമലയിലെ സ്ത്രീപ്രവേശനവും പൗരത്വ നിയമ ഭേദഗതിയും സംബന്ധിച്ചു നടന്ന പ്രക്ഷോഭങ്ങള്‍. ഈ പ്രതിസന്ധികളുടെ സമയത്ത് ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ സംസ്ഥാനസര്‍ക്കാരിനും കേരളാ പോലീസിനും മികച്ച പിന്തുണ നല്‍കി. വി.എസ്.അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായും നല്ല ബന്ധം പുലര്‍ത്തി. ഏറ്റവും ആദരം തോന്നിയ രാഷ്ട്രീയക്കാരന്‍ എ.കെ.ആന്റണിയാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയും ആത്മാര്‍ഥതയും അത്രയ്ക്കായിരുന്നു. മാറാട് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം എല്ലാ മാസവും നേരിട്ടുവന്ന് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇവിടെയില്ലാതിരുന്നതിനാല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനായില്ല
കേരളാപോലീസിനെ കുറിച്ച് എന്താണ് പറയാനുള്ളത്
ഒന്നാന്തരം മനുഷ്യവിഭവശേഷിയാണ് നമ്മുടെ പോലീസിന്റെ കരുത്ത്. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് വിഭാഗങ്ങളിലൊന്ന്. വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നമ്മുടെ സ്പെഷല്‍ ബ്രാഞ്ചിനെ വെല്ലുന്നവര്‍ രാജ്യത്തില്ല. അടിസ്ഥാന സൗകര്യം, നടപടിക്രമങ്ങള്‍, സൗകര്യങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയിലെ അപര്യാപ്തതകള്‍ പരിഹരിക്കണം. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ വിജയിക്കാനാവശ്യമായ പുതിയ കഴിവുകളും സംവിധാനങ്ങളും പരിശീലനവും നേടണം.
പോലീസ് കരിയറിലെ ഏറ്റവും വലിയ നേട്ടം
അവസാനം വരെ സത്യസന്ധത നിലനിര്‍ത്താനായി. മനസ്സുകൊണ്ടും സ്പിരിറ്റു കൊണ്ടും ഗാന്ധിയനായിരുന്നു. സത്യവും നീതിയും ന്യായവും പാലിക്കാന്‍ പരമാവധി ശ്രമിച്ചു. സമൂഹം തന്ന അധികാരങ്ങള്‍ ദുരുപയോഗിച്ചില്ല. ആര്‍ക്കും ഒരു പരാതിയും ഉണ്ടാക്കാതെ മുന്നോട്ടുപോകാനായി
Content Highlights: tk vinodkumar ips takes vrs from service
Published: 10 Aug 2024, 01:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented