ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകൾ സജീവമെന്ന് റിപ്പോർട്ട്. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും ഹരിയാണയിലുമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നടത്തിയ റെയ്ഡിൽ കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

To advertise here,

കൈക്കുഞ്ഞുങ്ങളെ വിൽക്കുന്നതിനെക്കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളിൽനിന്നും വാടക അമ്മമാരിൽനിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം 4 മുതൽ 6 ലക്ഷം രൂപവരെ വിലയ്ക്ക്  വിൽക്കുകയായിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികൾക്ക് പങ്കുള്ളതായി സിബിഐ വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി.

കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉൾപ്പെടെ കേസുമാസി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനം. ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളിലൂടെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന, ഇന്ത്യയിലുടനീളമുള്ള കുട്ടികളില്ലാത്ത ദമ്പതികളുമായി ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ തലസ്ഥാന മേഖലയിൽ കുട്ടികളെ കടത്തുന്നതിൽ ഉൾപ്പെട്ട വ്യക്തികളെ സിബിഐ അറസ്റ്റ് ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഏകദേശം 10 കുട്ടികളെ വിൽപ്പന നടത്തിയെന്നാണ്  സിബിഐ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിലേക്ക് സിബിഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. പല പ്രധാന ആശുപത്രികളിലും പരിശോധന നടത്തിവരുകയാണ്.