ശൂരനാട്(കൊല്ലം): സഹോദരിമാരായ യുവതികളുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണംതട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മാവിലാത്തറ വടക്കതിൽ അശ്വതി(32)യാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെപേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും ഫെയ്സ്ബുക്ക് ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് യുവതി തട്ടിപ്പുനടത്തിയത്. ഇവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് യുവാക്കളുടെ പണം തട്ടുകയായിരുന്നു.

തട്ടിപ്പിനിരയായ യുവാക്കൾ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ഇതേപ്പറ്റി വിവരം പങ്കുവെച്ചതോടെയാണ് പ്രഭയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സൈബർ സെല്ലിൽ പരാതിനൽകിയെങ്കിലും അക്കൗണ്ടുകൾ പലതും നീക്കംചെയ്തതിനാൽ ഫെയ്സ്ബുക്കിനോട് വിശദീകരണംതേടാതെ കേസെടുക്കാൻ ആകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് സ്വന്തംനിലയിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെപ്പറ്റി വിവരങ്ങൾ ലഭിച്ചത്.

നാലു വർഷമായി ഇവർ ഏഴിലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പുനടത്തുകയായിരുന്നു. ഇതിൽ മറ്റാരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് ശൂരനാട് ഇൻസ്പെക്ടർ കെ.ശ്യാം, എസ്.ഐ. മഞ്ചു വി.നായർ എന്നിവർ പറഞ്ഞു.

Content Highlights:woman made money fruad through aswathy achu fake facebook profile