തിരുവനന്തപുരം: കിളിമാനൂരില്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. കിളിമാനൂര്‍ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് അഞ്ച് വയസ്സുള്ള മകന്‍ റെജിനെ കിണറ്റിലെറിഞ്ഞ ശേഷം ജീവനൊടുക്കിയത്.

മകനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബിന്ദു ഭര്‍ത്താവ് റെജിലാലിന് നേരേ ആസിഡ് ആക്രമണവും നടത്തിയിരുന്നു. മാരകമായി പരിക്കേറ്റ റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാംവിവാഹമാണിത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍തന്നെ ഇവരുമായി ആരും സഹകരിച്ചിരുന്നില്ല. 

കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ബിന്ദു ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റില്‍ ചാടിയെന്നാണ് വിവരം.

വീട്ടില്‍ വഴക്ക് പതിവായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Content Highlights: woman commits suicide after killing minor son in kilimanoor and acid attack against husband