ലഖ്നൗ: അകന്നു കഴിഞ്ഞിരുന്ന ഭാര്യ തന്റെ പിതാവിനെ വിവാഹം കഴിച്ചെന്ന വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് യു.പി.യിലെ 22-കാരൻ. വീട് വിട്ട് മറ്റൊരിടത്ത് താമസിച്ചിരുന്ന പിതാവിനെ കണ്ടെത്താനായി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് പിതാവ് തന്റെ ഭാര്യയോടൊപ്പം താമസിക്കുന്നതായി യുവാവിന് വിവരം ലഭിച്ചത്. ഇതോടെ പിതാവിനും ഭാര്യയ്ക്കുമെതിരേ പോലീസ് സ്റ്റേഷനിലും പരാതി നൽകി. എന്നാൽ ഇരുവരും നിയമപരമായി വിവാഹം ചെയ്ത് ജീവിക്കുന്നതിനാൽ എന്തു ചെയ്യണമെന്നറിയാതെ പോലീസും കുഴങ്ങി.

ഉത്തർപ്രദേശിലെ ബുദ്വാൻ ജില്ലയിലെ ബിസൗലിയിൽ താമസിക്കുന്ന 22-കാരന്റെ ജീവിതത്തിലാണ് സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളുണ്ടായിരിക്കുന്നത്. 2016-ലാണ് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചത്. ആ സമയത്ത് ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ആറു മാസത്തിന് ശേഷം ദാമ്പത്യപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. ഭാര്യയെ തിരികെ കൊണ്ടുവരാൻ യുവാവ് ശ്രമിച്ചെങ്കിലും വിവാഹമോചനമെന്ന ആവശ്യത്തിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയായിരുന്നു. പെൺകുട്ടി യുവാവിനൊപ്പം വരാൻ തയ്യാറായതുമില്ല.

ഇതിനു പിന്നാലെയാണ് യുവാവിന്റെ പിതാവ് വീട്ടിൽനിന്ന് താമസം മാറിയത്. ഇദ്ദേഹം യു.പി.യിലെ സാംബലിലാണ് പിന്നീട് താമസിച്ചു വന്നിരുന്നത്. ഇതിനിടെ, പിതാവ് തനിക്ക് പണം അയച്ചു നൽകാതായതോടെ പിതാവിനെ കണ്ടെത്താനായി യുവാവിന്റെ ശ്രമം. പിതാവിനെ കണ്ടെത്താൻ വിവരാവകാശനിയമ പ്രകാരം ജില്ല പഞ്ചായത്ത് രാജ് ഓഫീസിൽ അപേക്ഷയും നൽകി. പിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി നൽകണമെന്നായിരുന്നു അപേക്ഷ. എന്നാൽ ഈ അപേക്ഷയിൽ ലഭിച്ച മറുപടി കണ്ട് യുവാവ് ശരിക്കും ഞെട്ടിത്തരിച്ചു.

വീട്ടിൽനിന്ന് മാറി താമസിക്കുന്ന പിതാവ് അകന്നുകഴിഞ്ഞിരുന്ന തന്റെ ഭാര്യയെ വിവാഹം കഴിച്ചെന്നാണ് അധികൃതർ നൽകിയ മറുപടിയിലുണ്ടായിരുന്നത്. പെൺകുട്ടിക്ക് 18 വയസ്സായപ്പോൾ ഇരുവരും നിയമപ്രകാരം വിവാഹം ചെയ്തെന്നും ഇവർക്ക് രണ്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും വിവരം ലഭിച്ചു. തുടർന്ന് 22-കാരൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം, യുവാവിന്റെ പരാതിയിൽ എന്തുചെയ്യണമെന്നറിയാതെ പോലീസും കുഴങ്ങിയിരിക്കുകയാണ്. ഇരുകൂട്ടരെയും ഒത്തുതീർപ്പ് ചർച്ചകൾക്കായി പോലീസ് വിളിപ്പിച്ചെങ്കിലും വിജയിച്ചില്ല. എന്തായാലും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും നിയമപ്രകാരം എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അത് ചെയ്യുമെന്നും പോലീസ് പറയുന്നു.

തന്റെ ആദ്യഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്നാണ് പെൺകുട്ടിയുടെ മൊഴി. ആദ്യഭർത്താവിന്റെ പിതാവിനൊപ്പമുള്ള ദാമ്പത്യജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും ഇവർ പോലീസിനോട് പറഞ്ഞു. യുവാവിന്റെ വിവാഹം നിയമപരമല്ലാത്തതിനാൽ ഇതുസംബന്ധിച്ച രേഖകളുമില്ല. അതിനാൽ പെൺകുട്ടിയുടെ ആദ്യവിവാഹം സാധുവല്ലെന്നും പോലീസ് പറയുന്നു.

Content Highlights:up man finds his estranged wife married his father