
തൃശ്ശൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. ചിയ്യാരം വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ നീതു (21)വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ നിധീഷി (27) നെയാണ് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നിധീഷിനുള്ള ശിക്ഷ ഈ മാസം 23-ന് പ്രഖ്യാപിക്കും.
2019 ഏപ്രില്‍ നാലിന് രാവിലെ 6.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാടുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. പുലര്‍ച്ചെ ബൈക്കില്‍ നീതുവിന്റെ വീടിന്റെ പിന്‍വശത്തെത്തിയ പ്രതി പിന്‍വാതിലിലൂടെ വീട്ടില്‍ കയറി കുളിമുറിയില്‍ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്.
സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. 2020 ഓഗസ്റ്റ് 20 മുതല്‍ സാക്ഷിവിസ്താരം ആരംഭിച്ച കേസില്‍ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂര്‍ത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
Content Highlights: thrissur neethu murder case accused found guilty
Published: 19 Nov 2020, 08:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented