തൃശ്ശൂര്‍: സി.പി.എം. നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നൂറ് കോടി രൂപയുടെ വായ്പ തട്ടിപ്പ്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതോടെയാണ് വലിയ തുകയുടെ വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഇത്തരം തട്ടിപ്പ് നടന്നതായി നേരത്തെ സഹകരണ രജിസ്ട്രാര്‍ക്ക് അടക്കം പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഡിറ്റ് നടത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ പ്രതികരണം. 

Content Highlights: thrissur karuvannur co operative bank loan fraud case