ഹൈദരാബാദ്: തെലങ്കാനയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലയിലെ മുഖ്യപ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നല്‍ഗോണ്ട സ്വദേശി പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മാരുതിറാവുവിനെയാണ് ഹൈദരാബാദിലെ ചിന്താല്‍ബസ്തിയിലെ ആര്യ വൈസ ഭവനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം

ഞായറാഴ്ച രാവിലെ മാരുതി റാവുവിന്റെ ഭാര്യ അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ആര്യവൈസ്യ ഭവന്‍ ജീവനക്കാരെ വിവരമറിയിച്ചു. ഇവര്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മാരുതി റാവുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഒസ്മാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

മകള്‍ അമൃതവര്‍ഷിണിയുടെ ഭര്‍ത്താവ് പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മാരുതി റാവു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 2018 സെപ്റ്റംബറിലായിരുന്നു മാരുതി റാവു നിയോഗിച്ച ക്വട്ടേഷന്‍ സംഘം  പ്രണയിനെ കൊലപ്പെടുത്തിയത്. 

ഗര്‍ഭിണിയായിരുന്ന അമൃതവര്‍ഷിണിക്കും മാതാവിനുമൊപ്പം ഡോക്ടറെ കണ്ട് മടങ്ങുമ്പോള്‍ മിരിയാല്‍ഗുഡയിലെ ആശുപത്രിക്ക് മുന്നില്‍വെച്ചായിരുന്നു കൃത്യം നടത്തിയത്.അമൃതവര്‍ഷിണിയുടെയും മാതാവിന്റെയും മുന്നില്‍വെച്ച് പ്രണയിനെ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. 

മുന്നാക്കജാതിക്കാരിയായ മകളെ എതിര്‍പ്പ് വകവെയ്ക്കാതെ ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരനായ പ്രണയ്കുമാര്‍ വിവാഹം കഴിച്ചതിലുള്ള പകതീര്‍ക്കാന്‍ അച്ഛനും അമ്മാവനുമാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസില്‍ പ്രണയ്കുമാറിനെ വെട്ടിക്കൊന്ന സുഭാഷ് ശര്‍മയെയും ആറ് കൂട്ടാളികളെയും ബിഹാറില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമൃതയുടെ അമ്മാവന്‍ ശരവണന്‍,മാരുതി റാവുവിന്റെ സുഹൃത്തും പ്രാദേശികകോണ്‍ഗ്രസ് നേതാവുമായ അബ്ദുള്‍ കരീം എന്നിവരും പിടിയിലായിരുന്നു. സമ്പന്നനും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായ മാരുതി റാവുവും സഹോദരനും ചേര്‍ന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 

സ്‌കൂള്‍ പഠനകാലം തൊട്ടേ പ്രണയബദ്ധരായിരുന്നു പ്രണയ് കുമാറും അമൃതയും. അമൃതയുടെ അച്ഛനമ്മമാരുടെ എതിര്‍പ്പ് അവഗണിച്ച് 2018 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. പ്രണയ്കുമാറിനെ കൊലപ്പെടുത്തിയപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു അമൃതവര്‍ഷിണി. കഴിഞ്ഞവര്‍ഷം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: pranaykumar honor killing; main accused maruti rao, father of amrithavarshini commits suicide