മരട്(കൊച്ചി): മരടിൽ വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനി, മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് സ്വന്തം കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ട് മറച്ചനിലയിൽ കിടക്കയിലാണ് മരിച്ചനിലയിൽ കണ്ടത്.

രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒൻപത് മണിയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനായ സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടുവന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്. വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തിൽ കയർ കെട്ടിയിരുന്നതായും കാണപ്പെട്ടു.

മരട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഫൊറൻസിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കൊലപാതകമാണെങ്കിൽ മുകളിലെ കിടപ്പുമുറിയിൽ നിന്ന് കൊലപാതകശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നിഗമനം.

പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയെ കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയിൽ ഒന്നോ രണ്ടോ മാർക്കിന്റെ കുറവുണ്ടായതിന് അച്ഛൻ ശാസിച്ചതായി പറയപ്പെടുന്നു. വീട്ടിൽ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാരെ ക്ഷണിച്ചുവരുത്തി പിറന്നാൾ ആഘോഷിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

Content Highlights:plustwo student found dead in her bedroom in maradu kochi