മറയൂര്‍(ഇടുക്കി): കാന്തല്ലൂരിലെ ചന്ദ്രമണ്ഡലത്തില്‍നിന്ന് ഒരു മൃതദേഹംകൂടി മറയൂര്‍ പോലീസ് കണ്ടെടുത്തു. തമിഴ്‌നാട് തിരുപ്പത്തൂരില്‍ മാധവ(40)ന്റെ മൃതദേഹമാണ് ഞായറാഴ്ച ലഭിച്ചത്. തിരച്ചിലിന് സഹായിച്ച സമീപവാസികള്‍ മാധവനെ തിരിച്ചറിഞ്ഞതായി മറയൂര്‍ എസ്.ഐ. പി.ഡി.അനൂപ്‌മോന്‍ പറഞ്ഞു. ഇയാള്‍ ചന്ദനം, കഞ്ചാവ്കടത്തുകേസുകളിലെ പിടികിട്ടാപ്പുള്ളിയാണെന്നും പോലീസ് പറഞ്ഞു.

ജൂലായ് 16-ന് വെല്ലൂര്‍ ജില്ലയിലെ പെരുമ്പള്ളി ജവാദ്മല സ്വദേശി രാമസ്വാമിയുടെ മകന്‍ സതീഷി(27)ന്റെ മൃതദേഹം പാറക്കെട്ടിന് താഴെനിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍, കൂടെയുള്ളവരെപ്പറ്റി സൂചനയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തുനിന്ന് മാധവന്റെ മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു.

ഇവര്‍ കാരയൂര്‍ ചന്ദനറിസര്‍വില്‍നിന്ന് ചന്ദനം കടത്താന്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്ന് പോലീസ് സംശയിക്കുന്നു.

ജൂലായ് 15-ന് രാത്രി 10 മണിക്ക് 108 കോള്‍ സെന്ററില്‍ എത്തിയ ഫോണ്‍കോളാണ് അപകടം പുറത്തറിയുന്നതിന് കാരണമായത്. കാന്തല്ലൂര്‍ പഞ്ചായത്തിലെ ചന്ദ്രമണ്ഡലം എന്ന സ്ഥലത്ത് ഒരാള്‍ പരിക്കേറ്റ് കിടക്കുന്നെന്നാണ് ഫോണില്‍ അറിയിച്ചത്. മറയൂര്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ ജിബിന്‍ മറയൂര്‍ പോലീസിലും വനംവകുപ്പിലും വിവരമറിയിച്ചെങ്കിലും കാട്ടാനശല്യംകാരണം തിരച്ചില്‍ തുടരാനായില്ല. വെള്ളിയാഴ്ച പോലീസ് പരിശോധനയിലാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. 108-ല്‍ വിളിച്ചത് മാധവനാണെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ വീണ്ടും ചന്ദ്രമണ്ഡലത്ത് തിരഞ്ഞപ്പോഴാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.

Content Highlights: