കുറ്റിപ്പുറം: നടുവട്ടം വെള്ളറമ്പ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ(62)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആളെ പോലീസ് അറസ്റ്റുചെയ്തു. അയല്‍വാസിയായ ചീരംകുളങ്ങര മുഹമ്മദ് ഷാഫി(33)യെയാണ് വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി.എം. ഷെമീര്‍ അറസ്റ്റുചെയ്തത്. കുഞ്ഞിപ്പാത്തുമ്മയുടെ പക്കലുള്ള പണം കൈക്കലാക്കാനായിരുന്നു കൊലപാതകം.

തനിച്ച് താമസിച്ചിരുന്ന കുഞ്ഞിപ്പാത്തുമ്മയെ വെള്ളിയാഴ്ച രാവിലെയാണ് വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൈവശമുള്ള പണം കൈക്കലാക്കാനാണ് കൊലനടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച 71,000 രൂപ പ്രതിയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നിങ്ങനെ: മുഹമ്മദ് ഷാഫിയും അഞ്ചു സുഹൃത്തുക്കളും വ്യാഴാഴ്ച രാത്രി കുഞ്ഞിപ്പാത്തുമ്മയുടെ വീടിന് സമീപമുള്ള പറമ്പില്‍വെച്ച് മദ്യപിച്ചിരുന്നു.കൊലപാതകവും മോഷണവും മുന്‍കൂട്ടി ആസുത്രണംചെയ്തിരുന്നതിനാല്‍ ഇവിടെനിന്ന് ഏറ്റവും അവസാനം പോയത് ഷാഫിയായിരുന്നു.

പോകുംവഴി രാത്രി പന്ത്രണ്ടരയോടെ കുഞ്ഞിപ്പാത്തുമ്മയുടെ വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തി. ഈ സമയം വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുഞ്ഞിപ്പാത്തുമ്മയെ കൈയില്‍ കരുതിയിരുന്ന കല്ലും വടിയും ഉപയോഗിച്ച് ഷാഫി കൊലപ്പെടുത്തി. പിന്നീട് മുറിയിലുണ്ടായിരുന്ന പഴ്സില്‍നിന്ന് 71,000 രൂപയും കൈക്കലാക്കി സ്ഥലംവിട്ടു.

പ്രതിയെ ഞായറാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തിങ്കളാഴ്ചയാണ് അറസ്റ്റു രേഖപ്പെടുത്തി തെളിവെടുപ്പിനെത്തിച്ചത്.ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ ഷാഫി എല്ലാം ഏറ്റുപറഞ്ഞു.

രക്തക്കറ, പത്ത് ഇഞ്ച് നീളമുള്ള ചെരിപ്പ്

കുറ്റിപ്പുറം: കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ വീടിനു സമീപത്തു ചിലര്‍ മദ്യപിച്ചെന്ന തുമ്പില്‍പ്പിടിച്ചാണ് കൊലപാതകിയെ പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച, രക്തക്കറയില്‍ പതിഞ്ഞ ചെരിപ്പിന്റെ അടയാളം നിര്‍ണായക തെളിവായി. 10 ഇഞ്ച് നീളമുള്ള ചെരിപ്പ് ധരിച്ച ആളാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു.

നാട്ടുകാരില്‍ ആരെങ്കിലുമായിരിക്കാം കൃത്യം നടത്തിയതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ഇതിനിടെയാണ് കൃത്യം നടന്ന ദിവസം രാത്രി വീടിനു സമീപം ചിലര്‍ മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. മദ്യപിച്ച ആറു പേരെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍നിന്ന് ഷാഫിയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി.

ഷാഫിയാണ് മദ്യപിച്ച സ്ഥലത്തുനിന്ന് അവസാനം പോയതെന്ന് വ്യക്തമായപ്പോള്‍ ചെരിപ്പ് മുഹമ്മദ് ഷാഫിയുടേതാണോ എന്നുറപ്പിക്കേണ്ട ജോലിയേ പോലീസിനുണ്ടായുള്ളൂ. ആ പരിശോധന പൂര്‍ത്തിയായതോടെ പ്രതി മുഹമ്മദ് ഷാഫിതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, അപ്പോഴും കുറ്റം ചെയ്തെന്ന് ഷാഫി സമ്മതിച്ചിരുന്നില്ല. വീടിന്റെ ഭാഗത്തു ബൈക്ക് കണ്ടതായി പോലീസ് പറഞ്ഞപ്പോള്‍ ബൈക്ക് അവിടൈവച്ച് ഓഫായെന്നായിരുന്നു മറുപടി.

പിന്നീടാണ് രക്തത്തില്‍ പതിഞ്ഞ ചെരിപ്പിന്റെ അടയാളം പോലീസ് പറഞ്ഞത്. താന്‍ അവിടെപ്പോയെന്നും അപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു മറുപടി. കൂടുതല്‍ ചോദ്യം ചെയ്തതോടെ പ്രതി സംഭവം പോലീസിന് വിവരിച്ചു. മുഹമ്മദ് ഷാഫിയുടെ ബൈക്കിലും ചെരിപ്പിലും രക്തക്കറ പോലീസ് കണ്ടെത്തുകയുംചെയ്തു.

Content Highlights: kuttippuram old woman murder case