പെര്‍ളടുക്കം (കാസര്‍കോട്): വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ബേഡഡുക്ക പെര്‍ളടുക്കത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ടി.ഉഷ (45) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൊളത്തൂര്‍ കരക്കയടുക്കം സ്വദേശി എ.അശോക (50) നെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ രാവിലെ ആറോടെയാണ് കൊലപാതകത്തെപ്പറ്റി നാടറിയുന്നത്. ശബരിമലദര്‍ശനത്തിനായി മാലയിട്ട അശോകന്‍ രാവിലെ സമീപത്തെ ഭജനമന്ദിരത്തില്‍ എത്താത്തതിനെത്തുടര്‍ന്ന് മറ്റു ഭക്തര്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ സ്ഥലത്തില്ലാത്തതും കൊലപാതകം നടന്നതായും അറിയുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ശരീരഭാഗങ്ങള്‍ പായയില്‍ കെട്ടിയശേഷം മുറിപൂട്ടി അശോകന്‍ രക്ഷപ്പെടുകയായിരുന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ െറയില്‍വേ പോലീസ് രാവിലെ ഏഴോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് ചോദ്യംചെയ്തതോടെയാണ് കൊലയ്ക്കുശേഷം രക്ഷപ്പെടുകയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും. മകന്‍: ആദിഷ് (ഗള്‍ഫ്). പരവനടുക്കം തലക്ലായിയിലെ പരേതനായ ടി.കുമാരന്റെയും നാരായണിയുടെയും മകളാണ് ഉഷ. സഹോദരങ്ങള്‍: ടി.ബാലന്‍ പാലിച്ചിയടുക്കം (ഓട്ടോ ഡ്രൈവര്‍ കാസര്‍കോട്), ടി.ബാബു അഞ്ചങ്ങാടി (ലോറിഡ്രൈവര്‍), ടി.ബേബി പള്ളിപ്പുറം (ആശാപ്രവര്‍ത്തക, ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യകേന്ദ്രം), ടി.റീന (ബട്ടത്തൂര്‍), പരേതനായ ടി.രാഘവന്‍ തലക്ലായി.