ശാസ്താംകോട്ട : ജന്മദിനാഘോഷത്തിന് ആളു കൂടിയതറിഞ്ഞ് അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും വീട്ടുടമയും ബന്ധുക്കളുംചേര്‍ന്ന് കൈയേറ്റം ചെയ്തു. ശാസ്താംകോട്ട എച്ച്.ഐ. സുനില്‍രാജ്, ജെ.എച്ച്.ഐ. ഷിബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

സംഭവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഭരണിക്കാവ് മുതുപിലാക്കാട് ഫൈസല്‍ നിവാസില്‍ ഫൈസല്‍ (30), സഹോദരന്‍ അഫ്സല്‍ (22), പത്തനംതിട്ട കുമ്പഴ പാദുഷ പുരയിടത്തില്‍ ഷറഫുദ്ദീന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ ഭരണിക്കാവ്-അശ്വതിമുക്ക് റോഡില്‍ ദിവ്യ കശുവണ്ടി ഫാക്ടറിക്കുസമീപമുള്ള വീട്ടിലാണ് സംഭവം.

പോലീസ് പറയുന്നത്: പ്രതികളിലൊരാളുടെ കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നതിന് നിരവധി പേര്‍ എത്തിയിട്ടുണ്ടെന്നും നിയമം ലംഘിച്ച് പത്തനംതിട്ടയില്‍നിന്നുള്ളവരും ഇതിലുണ്ടെന്നും ജനപ്രതിനിധികളും പ്രദേശവാസികളും ബുധനാഴ്ച രാത്രി സുനില്‍രാജിനെ അറിയിച്ചു. അദ്ദേഹം വിവരം ശാസ്താംകോട്ട പോലീസിനെ ധരിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അദ്ദേഹവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഭരണിക്കാവിലെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കുകയും വീട്ടുകാരുടെയും പത്തനംതിട്ടയില്‍നിന്ന് എത്തിയവരുടെയും വിലാസവും വിവരങ്ങളും ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ വീട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരേ തിരിഞ്ഞു. ഇവരെ അസഭ്യം പറയുകയും പുറത്തുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഭരണിക്കാവില്‍ താമസിക്കുന്ന ഇവര്‍ വേങ്ങയിലെ മേല്‍വിലാസം നല്‍കാനാണ് ശ്രമിച്ചത്.

എന്നാല്‍ വിവരം ശേഖരിക്കേണ്ടത് തങ്ങളുടെ കടമയാണെന്നുപറഞ്ഞ് ഇവര്‍ നിന്നതോടെ ഗേറ്റ് പൂട്ടി പ്രതികള്‍ മൂന്നു പേരുംചേര്‍ന്ന് ഇരുവരെയും മര്‍ദിക്കുകയായിരുന്നെന്ന് ശാസ്താംകോട്ട സി.ഐ. പറഞ്ഞു. ഇരുവര്‍ക്കും പരിക്കേറ്റു. സംഭവമറിഞ്ഞ് ശാസ്താംകോട്ട സി.ഐ. അനൂപിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്.

Content Highlights: health workers attacked by a family in kollam