വാഷിങ്ടണ്‍:  സുരക്ഷാവേലിക്ക് മുകളിലൂടെ ആരോ ഫോണ്‍ എറിഞ്ഞതിന് പിന്നാലെ വൈറ്റ് ഹൗസില്‍ 'ലോക്ക്ഡൗണ്‍'. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നോര്‍ത്ത് ലോണിലെ വേലിക്ക് മുകളിലൂടെ ഫോണ്‍ എന്ന് കരുതുന്ന വസ്തു എറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വൈറ്റ് ഹൗസില്‍ കടുത്ത സുരക്ഷാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഏതാനും സമയത്തേക്ക് വൈറ്റ് ഹൗസ് താത്കാലികമായി അടച്ചുപൂട്ടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

ആരോ വേലിക്ക് മുകളിലൂടെ ഫോണ്‍ എറിഞ്ഞതാണ് പെട്ടെന്നുള്ള സുരക്ഷാനിയന്ത്രണങ്ങള്‍ക്ക് കാരണമായതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പിന്നീട് സ്ഥിരീകരിച്ചു. സംഭവസമയത്ത് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോനുമായി സംസാരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരെ സുരക്ഷാ ഏജന്റുമാര്‍ അതിവേഗം ജെയിംസ് എസ്. ബ്രാഡി ബ്രീഫിങ് റൂമിലേക്ക് മാറ്റി. ഇതിനുപിന്നാലെയാണ് സീക്രട്ട് സര്‍വീസ് വൈറ്റ് ഹൗസില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. എല്ലാ വഴികളും താത്കാലികമായി അടയ്ക്കുകയുംചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച പകല്‍ 11.56-ഓടെ സുരക്ഷാനിയന്ത്രണങ്ങള്‍ നീക്കിയെന്നും മാധ്യമപ്രവര്‍ത്തകരെ നോര്‍ത്ത് ലോണിലേക്ക് മടങ്ങാന്‍ അനുവദിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, വൈറ്റ് ഹൗസിലുണ്ടായ താത്കാലിക ലോക്ക്ഡൗണ്‍ പ്രസിഡന്റ് ട്രംപിന്റെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളെയൊന്നും ബാധിച്ചില്ല. 

ഇക്കഴിഞ്ഞ മാര്‍ച്ചിലും വൈറ്റ് ഹൗസില്‍ സുരക്ഷാവീഴ്ചയുണ്ടായിരുന്നു. ഒരുകുട്ടി എല്ലാവരുടെയും കണ്ണുവെട്ടിച്ച് വൈറ്റ് ഹൗസ് വളപ്പിലേക്ക് കടന്നതാണ് പ്രശ്‌നമായത്. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഏജന്റ് കുട്ടിയെ തിരികെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു.