പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനില്‍, മകനായ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ മരുമകന്‍ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 

തിരുവനന്തപുരം മുടവുന്‍മൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭര്‍ത്താവാണ് അരുണ്‍. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകന്‍ അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 

പ്രതി അരുണ്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കത്തിയാക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. സുനിലിന്റെ അഖിലിന്റേയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Content Highlights: Father and son Stabbed to death in Poojappura, son in law arrested