വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയില്‍ പന്നിയങ്കരയ്ക്കുസമീപം കണ്ടെത്തിയ മൃതദേഹം കര്‍ണാടകയില്‍ കാറിടിച്ച് മരിച്ചയാളുടേതാണെന്ന് തെളിഞ്ഞു. കര്‍ണാടക ദേവനഹള്ളി താലൂക്കില്‍ മുദ്ദനായിക്കല്‍ഹള്ളി ദൊദ്ദയിരപ്പയുടെ മകന്‍ വെങ്കിടേശമപ്പയാണ് (67) മരിച്ചത്. കാറോടിച്ച കര്‍ണാടക ആനേക്കല്‍ താലൂക്ക് ബൈഗഡദേനഹള്ളിയില്‍ അങ്കന്‍മിത്രയെ (37) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

കാറിടിച്ച് വെങ്കിടേശമപ്പ മരിച്ചുവെന്ന് ഉറപ്പായതോടെ അങ്കന്‍മിത്ര ഇതേകാറില്‍ മൃതദേഹം കൊണ്ടുവന്ന് പന്നിയങ്കരയില്‍ വിജനമായസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. പന്നിയങ്കരയില്‍നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലായി ചൂരക്കോട്ടുകുളമ്പിലാണ് കൈയും കാലും ഒടിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

നാലാംതീയതി അര്‍ധരാത്രിയില്‍ മൃതദേഹം ഉപേക്ഷിച്ചസ്ഥലത്തേക്ക് കാര്‍ പോകുന്നതിന്റെയും തിരിച്ച് വരുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് നാല് ദിവസത്തിനുള്ളില്‍ ആളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ഈ മാസം നാലിന് രാവിലെ ഏഴരയോടെ ബെംഗളൂരുവിനടുത്തുള്ള തിമ്മസാന്ദ്ര എന്ന സ്ഥലത്തായിരുന്നു അപകടം.

കാറില്‍ ബെംഗളൂരുവിലുള്ള ഓഫീസിലേക്ക് ജോലിക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വെങ്കിടേശമപ്പയെ ഇടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വെങ്കിടേശമപ്പയെ അങ്കന്‍മിത്രയുടെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലെന്ന കാരണത്താല്‍ ചികിത്സ ലഭിച്ചില്ലെന്ന് അങ്കന്‍മിത്ര പറഞ്ഞതായി പോലീസ് പറഞ്ഞു.

ഇതിനിടെ വെങ്കിടേശമപ്പ മരിച്ചെന്ന് മനസ്സിലായതോടെ പരിഭ്രമത്തിലായ അങ്കന്‍മിത്ര മൃതദേഹം വിജനമായസ്ഥലത്ത് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഗ്ലോബല്‍ ഒപ്റ്റിമൈസേഷന്‍ എന്‍ജിനിയറാണ് അങ്കന്‍മിത്ര. തെളിവെടുപ്പിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അവിവാഹിതനായ വെങ്കിടേശമപ്പ കല്യാണബ്രോക്കറാണ്. അനുജന്റെ ഒപ്പമാണ് താമസം. ചിലപ്പോള്‍ വീട്ടില്‍നിന്ന് പോയാല്‍ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് തിരിച്ചുവരാറുള്ളത്. ഇതുകാരണം ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. അപകടസ്ഥലത്ത് വീണ വെങ്കിടേശമപ്പയുടെ കുറച്ച് കടലാസുകള്‍ സമീപത്തുള്ള കടക്കാരന്‍ എടുത്തുവെച്ചിരുന്നു. ഇതില്‍നിന്നുള്ള വിവരം ഉപയോഗിച്ചാണ് ആളെ കണ്ടെത്തിയത്. സഹോദരന്‍ ഗോകുലപ്പ, സഹോദരിയുടെ മകന്‍ ശിവപ്പ എന്നിവര്‍ വെങ്കിടേശമപ്പയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുത്തു.

Content Highlights: abandoned dead body in vadakkanchery; police arrested young engineer from bengaluru