കാൺപുർ: ഉത്തര്‍പ്രദേശിലെ കാൺപുരില്‍ ക്രിമിനല്‍ കേസ് പ്രതികളായ 83 പേര്‍ ജാമ്യം നേടാന്‍ ഉപയോഗിച്ചത് വ്യാജ രേഖകളെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അഞ്ച് മാസം നീണ്ട ഓപ്പറേഷനൊടുവിലാണ് കാൺപുർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വമ്പന്‍ മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ച് ജാമ്യം നേടിയ 83 പേരില്‍ 45 പേരെയും അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കാൺപുർ വെസ്റ്റ് അസി. പോലീസ് സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു. ഇവര്‍ക്ക് പുറമേ ജാമ്യക്കാരായി നിന്ന 12 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ നവംബറിലാണ് പോലീസിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലക്കേസുകളിലും കവര്‍ച്ചാക്കേസുകളിലും ഉള്‍പ്പെട്ട 83 പേര്‍ വ്യാജരേഖകള്‍ വഴിയാണ് കോടതികളില്‍നിന്ന് ജാമ്യം തേടിയതെന്ന് കണ്ടെത്തിയത്. ഒരാള്‍തന്നെ ഒട്ടേറേപേര്‍ക്ക് ജാമ്യംനിന്നതായും വ്യാജരേഖകളാണ് ഇതിനായി കോടതിയില്‍ സമര്‍പ്പിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനുപിന്നാലെയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് ജാമ്യം നേടിയ 83 പേരില്‍ 45 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികള്‍ ജാമ്യം നേടിയതില്‍ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അലഹാബാദ് ഹൈക്കോടതിയില്‍നിന്നുള്ള ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും പോലീസ് ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍പേര്‍ പിടിയിലാകുമെന്നുമാണ് പോലീസ് നല്‍കുന്നവിവരം. 

Content Highlights: 83 criminals get bail by forged documents in kanpur uttar pradesh