കാസർകോട്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ. നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.

നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അമ്മാവൻമാർ നൽകിയ പരാതിയിൽ പിതാവിനെയും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും പോലീസ് പിടികൂടുകയായിരുന്നു.

കർണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാൾ നേരത്തെ നാലു പീഡന കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തടക്കം കൊണ്ടു പോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടെ മാതാവും ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും അടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ കൂടുതൽ പേർ ഇനിയും പ്രതി ചേർക്കപ്പെടുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Content Highlights:16 year old girl raped in kasargod neeleswaram father and three others in police custody