ക്രമാസക്തരായ പുരുഷാരത്തിന്റെ ആക്രോശങ്ങളും അസഭ്യവർഷവും പോലീസിന്റെ വരുതിയിൽപ്പോലും നിൽക്കാതെ തികഞ്ഞ അനിശ്ചിതത്വത്തിൽ മണിക്കൂറുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. സംഭവവികാസങ്ങളെക്കുറിച്ച് ഇതിനകം വാക്കിടോക്കി വഴി നെയ്യാറിലും അവിടെ നിന്ന് മെയിൻ വയർലെസ്സ് സെറ്റ് വഴി തിരുവനന്തപുരം പിടിപി നഗറിലെ ഡിവിഷൻ ഓഫീസിലും തദ്വാരാ മേലാവിലേക്കും അറിയിച്ചിരുന്നെങ്കിലും ആർക്കും സഹായിക്കാനാവാത്ത സ്ഥിതിയാണ് സംജാതമായിരുന്നത്. അപ്പോൾ അവരാരെങ്കിലും അങ്ങോട്ടെത്തിയാൽ സ്ഥിതി അതിലേറെ വഷളാകുമെന്നല്ലാതെ മറ്റൊന്നുമല്ല സംഭവിക്കാൻ പോകുന്നതെന്ന് എല്ലാപേർക്കും അറിയാമായിരുന്നു! അന്നേ ദിവസം അവിടെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ പോലീസുകാരെ കൂടാതെ പത്ത് പേരടങ്ങുന്ന ഒരു സംഘം ആംഡ് റിസർവ്വിലെ പൊലീസുകാർ കൂടി ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അവിടെ ഹാജരുണ്ടായിരുന്നു എന്നത് ഞാനിന്നും ഓർക്കുന്നു. സത്യത്തിൽ അവരെന്തിനാണ് അവിടെ അപ്പോൾ വന്നതെന്ന് എനിക്ക് അശേഷം മനസ്സിലായിരുന്നില്ല. അവിടെ നിലനിന്നിരുന്ന ജനരോഷം നേരിടാനെത്തിയവരാണെന്ന് പിന്നീട് പറഞ്ഞറിഞ്ഞു. അതുപോലെ തന്നെ അന്നത്തെ പ്രശ്‌നപരിഹാരത്തിൽ അവർക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ടായിരുന്നുവെന്നും എനിക്കറിയാമായിരുന്നില്ല.

To advertise here,

ആൾക്കാരുടെ അട്ടഹാസങ്ങളും കൂക്കുവിളികളും സഹിക്കാൻ വയ്യാതെ ആയപ്പോൾ നെയ്യാർ വന്യജീവി സങ്കേതത്തിലെ രണ്ട് മൂന്ന് സ്റ്റാഫുകൾ സമയാസമയം 'പുൾ ത്രൂ' അടിച്ച് സൂക്ഷിക്കാത്തതും (Pull through - തോക്ക് സർവ്വീസ് ചെയ്യുന്നതിന്റെ ഭാഗമായി ബാരലുകൾ ക്‌ളീൻ ചെയ്യുന്നത്) നാല് കിലോയോളം ഭാരം വരുന്നതും കാലപ്പഴക്കം ചെന്നതുമായ 303 റൈഫിളുകളുമായി സ്പീഡ് ബോട്ടുകളിൽക്കയറി റോന്ത് ചുറ്റാനും അപ്പോഴും അരമണിക്കൂറിനുള്ളിൽ ഒരു പ്രാവശ്യമെങ്കിലും ജലോപരിതലത്തിൽ ശ്വാസമെടുക്കാനായി എത്തിക്കൊണ്ടിരുന്ന ചീങ്കണ്ണിയെ വെടിവയ്ക്കാനുമുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ശ്വാസോച്ഛ്വാസം നടത്തി തിരികെ വെള്ളത്തിലേയ്ക്ക് ഊളിയിടുന്ന ചീങ്കണ്ണിയെ ഉലയുന്ന ബോട്ടിലിരുന്ന് വെടിവയ്ക്കാനാകുമായിരുന്നില്ലെന്നത് പകൽ പോലെ വ്യക്തമായിരുന്നു. പക്ഷെ ആ അവസരത്തിൽ അവരെ തടയാനാകുമായിരുന്നില്ല എന്നതാണ് സത്യം. വെടിവച്ച് കൊന്നാലല്ലേ ഔദ്യോഗികമായി അനുവാദം തേടേണ്ടതുള്ളൂ എന്നും ഞാൻ ചിന്തിച്ചിരിക്കാം. തന്നെയുമല്ല വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നുതാനും!

എന്നാൽ ശ്വാസത്തിനായി ഉയർന്ന് വരുന്ന ചീങ്കണ്ണിയെ ഉന്നം വച്ച് വനംവകുപ്പുകാർ വെടിയുതിർത്തപ്പോഴാണ് സംഗതികൾ കീഴ്‌മേലായി മറിഞ്ഞത്. ജലോപരിതലത്തിൽ ഉയർന്ന ചീങ്കണ്ണിയുടെ ഏഴയലത്ത് പോലും എത്താതെ വെടിയുണ്ടകൾ ഏറെയകലെയായി പതിച്ച് ഓളങ്ങൾ ഉണ്ടാക്കിയത് കൂടിനിൽക്കുന്നവരുടെ കൂക്കുവിളികളിലും അട്ടഹാസങ്ങളിലും കണ്ണുപൊട്ടുന്ന തെറിവിളികളിലുമാണ് കലാശിച്ചത്!

ശരിക്കും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നത് പോലെയായി കാര്യങ്ങളുടെ പോക്ക് എന്ന് പറഞ്ഞാൽ മതിയല്ലോ. അതോടുകൂടി ഉന്നം പിടിച്ച് നിറയൊഴിക്കാനുള്ള വനംവകുപ്പുകാരുടെ കഴിവുകേട് പൂർണ്ണമായും വെളിപ്പെടുകയും ചെയ്തു. സിനിമയിലൊക്കെ കാണിക്കുന്നത് പോലെ ജീവിതത്തിൽ ആദ്യമായി റിവോൾവറും റൈഫിളും കൈയ്യിലെടുക്കുന്ന നായകനോ നായികയോ ഏറെ അകലെ നിൽക്കുകയോ ഓടുകയോ ചെയ്യുന്ന പ്രതിനായകനെ ഒറ്റവെടിക്ക് വീഴ്ത്തുന്നത് കണ്ട് പരിചയിച്ചവർക്ക് അത്തരത്തിൽ ഒരു ലക്ഷ്യം ഭേദിക്കുന്നത് സാധാരണക്കാർക്ക് തീർത്തും അസംഭവ്യമാണെന്ന് പറഞ്ഞുകൊടുക്കാനാകില്ലല്ലോ. ഷൂട്ടിംഗ് റേഞ്ചുകളിൽ വച്ചിരിക്കുന്ന ലക്ഷ്യത്തിനടുത്ത് (Bullseye) എവിടെയെങ്കിലും ഒന്ന് വെടികൊള്ളിക്കാൻ ട്രെയിനികൾ പെടുന്ന പെടാപ്പാട് അവർക്ക് അറിയുകയുമില്ല.

ഇവിടെ ആ ഉദ്യമങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കുമോ എന്നും എനിക്ക് ഉൾഭയമുണ്ടായി. കാരണം ഓളത്തിൽ ഉലയുന്ന ബോട്ടിനകത്ത് ഇരുന്ന് വെടിവയ്ക്കുമ്പോൾ ബുള്ളറ്റുകൾ വെള്ളത്തിന് ലംബമായിട്ടല്ലായിരുന്നു പാഞ്ഞത്. ചരിഞ്ഞ് പതിയുന്ന വെടിയുണ്ടകൾ വെള്ളത്തിൽ തുളഞ്ഞ് കയറുന്നതിന് പകരം ജലോപരിതലത്തിൽ കല്ലോ പാറച്ചീളുകളോ എറിയുമ്പോൾ പോകുന്നത് മാതിരി തെന്നിത്തെന്നിയാണ് പോയത്! വെള്ളത്തിന്റെ മേൽപ്പാളിയെ കീറി മുറിച്ചുകൊണ്ട് കുറെ ദൂരം പോയി വീഴുന്ന സ്ഥിതി.

ആ സമയത്ത് ജലസംഭരണിയുടെ ഇരുകരകളിലും ആകാംക്ഷ മൂത്ത് ആളുകൾ തിങ്ങി നിൽക്കുകയായിരുന്നുവെന്നത് ഓർക്കുമല്ലോ. അതായത് ലക്ഷ്യം തെറ്റി ജലോപരിതലത്തിലൂടെ പായുന്ന ഒരു വെടിയുണ്ടയെങ്കിലും റിസർവ്വോയറിന്റെ കരയിൽ തിങ്ങിക്കൂടി നിൽക്കുന്ന മനുഷ്യരുടെ ദിശയിലേയ്ക്ക് പാഞ്ഞ് ചെന്നാലുണ്ടായേക്കാവുന്ന അത്യാഹിതം പറഞ്ഞറിയിക്കാനാകാത്ത ഭവിഷ്യത്തുകളാകും വിളിച്ചുവരുത്തുക എന്നുറപ്പ്! എന്തായാലും ഞാൻ തിരിച്ചുവിളിക്കുന്നതിന് മുൻപ് തന്നെ തെറിവിളിയും ബഹളവും കാരണം വെടിവെയ്ക്കാനൊരുമ്പെട്ടിറങ്ങിയ സ്റ്റാഫുകൾ തിരികെ കരയിലേക്ക് വരികയായിരുന്നു.

ഞങ്ങളുടെ പാളിപ്പോകുന്ന ഓരോ ശ്രമത്തോടൊപ്പവും കലുഷിതരായ നാട്ടുകാർ എ ആർ ക്യാമ്പിലെ പോലീസുകാരോടൊപ്പം ഉണ്ടായിരുന്ന സർക്കിൾ ഇൻസ്‌പെക്ടറെ തടഞ്ഞു വച്ച് ഉച്ചത്തിൽ തെറി വിളിക്കുന്നതും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഞാൻ കണ്ടു. അദ്ദേഹം ആകെ പരിക്ഷീണനായി നിൽക്കുന്നതും. എന്നാൽ എനിക്കുള്ള ശരിക്കുള്ള പരീക്ഷണം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. വനംവകുപ്പുകാർ വെടിവയ്ക്കാനാകാതെ തിരിച്ചെത്തിയപ്പോൾ പൂർവ്വാധികം ഉച്ചത്തിൽ തെറിവിളികളും ആക്രോശങ്ങളും കൈയ്യേറ്റ ശ്രമങ്ങളുമായി ആൾക്കാർ ആ സർക്കിൾ ഇൻസ്‌പെക്ടറെ വളയുന്നതായിരുന്നു അടുത്ത് കണ്ടത്. തെറിവിളി കേട്ട് ആദ്യം ക്രുദ്ധനായെങ്കിലും ഉടനെ തന്നെ സംയമനം വീണ്ടെടുത്ത അദ്ദേഹം നിവൃത്തിയില്ലാതെ വന്നത് കൊണ്ടാകണം 'അനി ഉത്തരവ് തരട്ടെ. ഞാൻ പോലീസുകാരെ കൊണ്ട് വെടി വയ്പിക്കാം', എന്ന് അവരോടായി ഉച്ചത്തിൽ പറഞ്ഞത്!

'അയ്യോ...സാർ... ഞാനെങ്ങനെ ഓർഡർ തരും?', എന്നാണ് ഞാനപ്പോൾ ചോദിച്ചുപോയത്. നടുങ്ങി വിറച്ചുപോയ എനിക്ക് ശരിക്കും ഉത്തരം മുട്ടിപ്പോയിരുന്നു. നാക്ക് താഴ്ന്ന് പോകുന്നുവെന്ന പറയുന്ന പ്രതീതി! കാരണം വന്യജീവി സംരക്ഷണ പ്രകാരം അതീവ സംരക്ഷണ പ്രാധാന്യം അർഹിക്കുന്ന പട്ടികയിലുള്ള ചീങ്കണ്ണിയെ ചീഫ് വൈൽഡ് ലൈഫ് വാർഡന് പോലും പല സാധ്യതകൾ ആരാഞ്ഞിട്ട് മാത്രമേ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് നൽകാനാകൂ എന്നിരിക്കെ കേവലം ഒരു റെയ്ഞ്ച് ഓഫീസർ മാത്രമായ ഞാനെങ്ങനെയാണ് അത് ചെയ്യുക?

 

അപ്പോൾ എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്താതെ മറ്റ് ഉപാധികൾ ശേഷിക്കുന്നുണ്ടായിരുന്നില്ല. നൂറ് ശതമാനം ന്യായമായ ചോദ്യമാണ് ഞാൻ ചോദിച്ചത്. അന്നാണെങ്കിലും ഇന്നാണെങ്കിലും! ആർത്തിരമ്പുന്ന ജനരോഷത്തിന് മുന്നിൽ പോലീസും കീഴടങ്ങുന്ന അവസ്ഥയാണ്. അപ്പോൾ വിരലിൽ എണ്ണാവുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ കാര്യമോ?

'ഇതാണ് കുഴപ്പം. പിന്നെ ഞാനെന്ത് ചെയ്യാനാണ്?', എന്നൊരു മറുചോദ്യമാണ് ആ ഉദ്യോഗസ്ഥൻ പ്രകോപിതരായി നിന്നിരുന്ന ജനക്കൂട്ടത്തിന്റെ മുന്നിൽ വച്ചത്. തീർച്ചയായും അദ്ദേഹത്തിനും വേറെ വഴികൾ മുന്നിൽ തെളിഞ്ഞുകാണില്ലെന്നത് നൂറുശതമാനം ഉറപ്പാണ്. അതുകൊണ്ടുതന്നെ എനിക്ക് അദ്ദേഹത്തോട് ഒരു ഈർഷ്യയും തോന്നിയിട്ടുമില്ല. ഞാൻ അദ്ദേഹത്തെ പിന്നീട് കണ്ടിട്ടുമില്ല.

അത് കേൾക്കേണ്ട താമസം 'ഓർഡർ കൊടുക്കടാ....@!@!@@-@@@-!', എന്നുള്ള അട്ടഹാസങ്ങളും മുഴുത്ത ചീത്തവിളികളുമായി ആളുകൾ എന്നെ വളയുകയായിരുന്നു. നിലവിലുള്ള വന്യജീവി സംരക്ഷണ നിയമപ്രകാരം എനിക്ക് അത്തരമൊരു ഉത്തരവിടാനുള്ള അധികാരമില്ലെന്ന് അവരോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്? പറഞ്ഞിട്ട് കാര്യവുമില്ല. കാരണം അപ്പോൾ സ്ഥലത്തുള്ള വനംവകുപ്പിന്റെ മുതിർന്ന ഉദ്യേഗസ്ഥൻ വിധിവശാൽ റെയ്ഞ്ച് ഓഫീസർ മാത്രമായ ഞാനായിപ്പോയി എന്നത് തന്നെ. മറ്റുള്ളവർ സംഭവസ്ഥലത്തേയ്ക്ക് മനഃപൂർവം വരാതിരിക്കുന്നതാണെന്ന് അവർക്കറിയാമെന്നത് കൊണ്ടുതന്നെ വൈരത്തിന്റേയും വിദ്വേഷത്തിന്റേയും തിളങ്ങുന്ന മൂർച്ചകൾ ഇപ്പോൾ എനിക്കുനേരെയാണ് നീണ്ടെത്തുന്നത്!

അപ്പോഴും ആളുകളെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി പാർട്ടി ഭേദമന്യേ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എ എബ്രഹാം, താഴവിളാകം ശശി, അന്നത്തെ വാർഡ് മെമ്പറും ഇന്നത്തെ അമ്പൂരി പഞ്ചായത്ത് പ്രസിഡണ്ടുമായ തോമസ് മംഗലശ്ശേരി, മെമ്പറന്മാരും രാഷ്ട്രീയ പ്രവർത്തകരുമായ എ കെ ശശി, ലൂസി മാണിക്കുട്ടി, ത്രേസ്യാമ്മ ആന്റണി, രാജു, കള്ളിക്കാട് വിജയചന്ദ്രൻ, ലാലി ജോൺ, കള്ളിക്കാട് സുനിൽ, ഷെറീഫ്, ജോസ് മാത്യു പോളക്കൻ എന്നിവരൊക്കെ സജീവമായി രംഗത്ത് ഉണ്ടായിരുന്നുവെന്നത് ഞാനോർക്കുന്നു.

കൈയ്യേറ്റത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന നിരവധിപേരുടെ കണ്ഠങ്ങളിൽ നിന്നും അത്രയും 'വീര്യമുള്ള' തെറിവിളികൾ ഒരുമിച്ച് കേൾക്കാനിടയായതിന്റെ 'ഹാങ്ങോവറിൽ' കർശന നിഷ്‌കർഷകളുള്ള 1972 - ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ഏറ്റവും കൂടുതൽ സംരക്ഷണ പ്രാധാന്യമുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന Fresh Water Mugger എന്ന ശുദ്ധജല ചീങ്കണ്ണിയെ വെടിവയ്ക്കാനുള്ള ഉത്തരവിടാൻ കേവലം ഒരു റെയ്ഞ്ച് ഓഫീസർ മാത്രമായിരുന്ന ഞാൻ നിർബദ്ധനാകേണ്ടി വന്നേയ്ക്കുമോ എന്ന് ഞാൻ ശരിക്കും ഭയന്നുപോയി. പക്ഷേ സാങ്കേതികതകളിൽ കടിച്ചുതൂങ്ങാൻ അപ്പോൾ നിലനിൽക്കുന്ന സാഹചര്യം അനുവദിക്കുന്നുണ്ടായിരുന്നില്ല. തന്നെയുമല്ല തത്സമയം ഞാനത് നിഷേധിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് ഞാൻ ഞെട്ടിപ്പോയി.

ആനയേയും കടുവയേയും ചീങ്കണ്ണിയേയും പോലെ അതീവസംരക്ഷണ പ്രാധാന്യമർഹിക്കുന്ന വന്യജീവിയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിടാൻ വനംവകുപ്പിലെ കേവലം ഒരു റെയ്ഞ്ച് ഓഫീസർ മാത്രമായ ഞാൻ മതിയോ? ഒരിക്കലും മതിയാകില്ല. അതിന് സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡനല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും എനിക്കറിയാം. പക്ഷെ എന്ത് കാര്യം...!

ഇനി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണെങ്കിൽപ്പോലും ശല്യക്കാരനും അപകടകാരിയുമായ വന്യജീവിയെ അതിന്റെ ആവാസ വ്യവസ്ഥയിലേയ്ക്ക് തിരികെ പായിക്കാനോ, മയക്കുവെടി വച്ചുപിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് മറ്റൊരിടത്തേയ്ക്ക് മാറ്റി നിരീക്ഷിക്കാനോ, മൃഗശാലയിലോ മറ്റ് സംരക്ഷിത കേന്ദ്രങ്ങളിലോ പാർപ്പിക്കാനോ ഉള്ള ശ്രമങ്ങൾ നടത്തുകയും അതൊന്നും പ്രായോഗികമല്ലെന്ന് കണ്ടതിന് ശേഷം മാത്രം വേണം അതിനെ വെടിവച്ചുകൊല്ലാൻ ഉത്തരവ് നൽകേണ്ടത്. അതും അതാതിടത്തെ മേഖലാ ഫോറസ്റ്റ് കൺസർവ്വേറ്ററുടെ ശിപാർശ പ്രകാരവും. (സ്ഥലത്തെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടേയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടേയും അനുബന്ധ ശിപാർശകളുടെ പുറത്തായിരിക്കും അതൊക്കെയെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. കേരള നിയമ സഭ പുതുതായി പരിഷ്‌കരിച്ച് പാസ്സാക്കിയ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ശിപാർശകൾ പ്രകാരം ജില്ലാകളക്ടർക്കും അതിനുള്ള അധികാരം നൽകിയിട്ടുണ്ട്. ഔദ്യോഗികമായി അംഗീകരിച്ച് അത് പ്രാബല്യത്തിൽ വന്നിട്ടില്ലെങ്കിലും.)

അത്തരം കടുത്ത നിഷ്‌കർഷകളാണ് ജീവഭയത്തിന് മുന്നിൽ കീഴടങ്ങി ഉത്തരവ് ഇടുന്ന പക്ഷം ഞാനിവിടെ അടിയറവ് പറയേണ്ടി വരുന്നത്! അതിനെ ഉത്തരവ് എന്നുപോലും പറയാനാവില്ലെങ്കിലും. എന്നാൽ കാടിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന മറ്റ് വന്യമൃഗങ്ങളുടെ കാര്യത്തിലെന്ന പോലെ വെള്ളത്തിൽ ഊളിയിട്ട് മറയുന്ന ചീങ്കണ്ണിയെ മയക്കുവെടി വച്ച് പിടികൂടാമെന്നോ തിരികെ കാട്ടിലേയ്ക്ക് ഭയപ്പെടുത്തി തുരത്താമെന്നോ ഉള്ള സാധ്യതകൾ അവിടെ ഇല്ലായിരുന്നുവെന്നത് സത്യവുമാണ്.

അന്ന് അപൂർവ്വം വാർത്താചാനലുകളേ നിലവിലുള്ളൂ. സാമൂഹിക മാധ്യമങ്ങൾ ഇല്ലേയില്ല. അതുണ്ടായിരുന്നെങ്കിലും ഒരു വേള അപ്പോഴത്തെ എന്റെ നിസ്സഹായവസ്ഥ പുറംലോകം അറിയുമായിരുന്നു. പിൽക്കാലത്ത് രോഷാകുലരായ ജനക്കൂട്ടം നടത്തുന്ന ആൾക്കൂട്ടക്കൊലകളും (Mob Lynching) എന്തിന് 2025 -ൽ കർണ്ണാടക സംസ്ഥാനത്ത് ചാമരാജ നഗർ ജില്ലയിൽ ബന്ദിപ്പൂർ കടുവ സങ്കേതത്തിനടുത്തായി കന്നുകാലികളെ കൊല്ലുന്ന കടുവയെ പിടിക്കുന്നതിൽ അമാന്തം വരുത്തിയെന്നതിന്റെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കടുവാക്കൂട്ടിൽ അടച്ചിടുന്നതും പോലുള്ള കടുത്ത ചെയ്തികളും നമ്മൾ കേട്ടിട്ടുണ്ടല്ലോ. അതൊക്കെ റെക്കോർഡ് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെയാണ് കുറ്റവാളികൾക്കെതിരെ പിന്നീട് നടപടികൾ സ്വീകരിക്കപ്പെടുന്നതും. അന്നവിടെ അത്തരം ഒരു സാഹചര്യവും നിലനിന്നിരുന്നില്ല എന്നതാണ് സത്യം!

ചിന്തിച്ച് നിൽക്കാൻ സമയമില്ല. മൊബൈലുകൾ പ്രചാരത്തിലായിരുന്നില്ല എന്നത് കൊണ്ടുതന്നെ ആരോടും വിളിച്ച് അഭിപ്രായം ആരായാനും വഴിയില്ല. അപ്പോഴേയ്ക്കും ഉന്തിയും തള്ളിയും ആൾക്കൂട്ടം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. അവസാനം ആരോ അവിടേക്ക് കൊണ്ടുവന്ന നോട്ടുപുസ്തകത്തിന്റെ താളിൽ കണ്ണുപൊട്ടുന്ന തെറിവിളികളുമായി ചുറ്റിനും ആർത്തട്ടഹസിക്കുന്ന ആക്രമോത്സുകരായ ജനക്കൂട്ടത്തിന് നടുവിൽ മറ്റ് പോംവഴികളില്ലാതെ ഞാനെഴുതിയത് ഇന്നും നല്ല ഓർമയുണ്ട്. 'It is hereby ordered to shoot the rogue crocodile in order to retrieve the dead body of the victim', എന്നായിരുന്നു അത്. അപ്പോൾ അങ്ങനെയാണ് തോന്നിയത്. 'Shoot to kill' എന്ന പ്രയോഗം ഒഴിവാക്കാനായി എന്നത് മാത്രമായിരുന്നു എനിക്കുണ്ടായിരുന്ന ഏക ആശ്വാസം. അതിൽ വലിയ കാര്യം ഒന്നുമില്ലെങ്കിലും. അതെഴുതിക്കൊടുത്തതിന് ശേഷമാണ് ശരിക്കും അവർ എന്നെ സ്വതന്ത്രനാക്കിയതും!

വലിയ അപകടം ഇല്ലെന്ന് എനിക്ക് തോന്നിയ തരത്തിൽ ഞാനെഴുതിക്കൊടുത്ത ആ ലിഖിതം മിനിമം രണ്ട് തവണയെങ്കിലും വായിച്ചുനോക്കി പിന്നെ നാലായി മടക്കി ഭദ്രമായി പോക്കറ്റിൽ നിക്ഷേപിച്ച് ആ സർക്കിൾ ഇൻസ്‌പെക്ടർ ചീങ്കണ്ണിയെ വെടി വയ്ക്കാൻ നീട്ടിയ വലത് കൈയ്യിലെ ചൂണ്ടുവിരൽ വെട്ടിച്ച് കൂടെയുണ്ടായിരുന്ന പോലീസുകാർക്ക് നിർദ്ദേശം നൽകുകയായിരുന്നു! അതല്ലാതെ അദ്ദേഹത്തിനും മറ്റുവഴികൾ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. അത് പോരെന്നോ മാറ്റി എഴുതാനോ തത്സമയം അദ്ദേഹത്തിന് പറയാനുമാകുമായിരുന്നില്ല. തീരെ നിയമസാധുതയില്ലാത്ത അത്തരം ഒരു ഉത്തരവ് കൊണ്ട് അദ്ദേഹത്തിന് എന്ത് പ്രയോജനമാണെന്ന് ഞാനപ്പോൾ ചിന്തിച്ചതുമില്ല.

ഒരു പക്ഷെ അതൊന്നും ചിന്തിച്ച് നിൽക്കാൻ അദ്ദേഹത്തിനും ആയിക്കാണില്ല എന്നുറപ്പ്. എന്തായാലും അതോട് കൂടി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സായുധരായ പോലീസുകാർ റിസർവ്വോയറിന്റെ കരയിൽ ചൂണ്ടിയ തോക്കുകളുമായി പലയിടത്തായി നിലയുറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.

അപ്പോഴേയ്ക്കും മൃതദേഹവുമായി ചീങ്കണ്ണി മറ്റു ഭാഗത്തേയ്ക്ക് രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കാനായി അപകടം നടന്ന സ്ഥലത്ത് റിസർവ്വോയറിന് കുറുകേ ആദ്യം എതിർത്ത നാട്ടുകാരുടെ അനുവാദത്തോടെ തന്നെ ഞങ്ങൾ വലകെട്ടിത്തിരിച്ചിരുന്നു. അത് ഫലപ്രദമാണോ എന്ന ചോദ്യം പ്രസക്തമല്ല കാരണം അതല്ലാതെ മറ്റൊന്നും അപ്പോൾ ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം!

ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം പത്തുപതിനഞ്ച് മിനിട്ടിനുള്ളിൽ വീണ്ടും ജലോപരിതലത്തിലേയ്ക്ക് തല പൊന്തിച്ച ഒരു ചീങ്കണ്ണിയെ കരയിൽ നിന്നുതന്നെ പോലീസുകാരിലൊരാൾ അപ്പോൾത്തന്നെ വെടി വച്ച് കൊല്ലുകയും ചെയ്തു! അദ്ദേഹത്തിന്റെ കാര്യമാണ് കഴിഞ്ഞ അദ്ധ്യായത്തിന്റെ തുടക്കത്തിൽ പറഞ്ഞത്. എന്നാൽ ഒരു ചോദ്യം ചോദിക്കാതിരിക്കുക. അതായത് വലകെട്ടിത്തിരിച്ചിരുന്ന ജലാതിർത്തിക്ക് അകത്തായി ആ സമയത്ത് തലയുയർത്തിയ ചീങ്കണ്ണി തന്നെയാണ് ആളക്കൊല്ലിയെന്ന് ഉറപ്പുണ്ടോയെന്ന് ചോദിച്ചാൽ എനിക്കിന്നും മറുപടിയില്ല. 'അതാകാനാണ് അധികസാധ്യത', എന്നുമാത്രം പറഞ്ഞോട്ടെ. അല്ലെങ്കിൽ അതിന്റെ സമയം എത്തിയിരുന്നത് കൊണ്ടും ആകാം. അതുകൊണ്ടായിരിക്കണമല്ലോ കൃത്യം സമയത്ത് തന്നെ അത് ശ്വാസമെടുക്കാനായി പൊങ്ങിവന്നത്! എന്നാൽ അതിനും ശേഷം സാക്ഷാൽ കൊലയാളി ചീങ്കണ്ണി ആ ജലപ്പരപ്പിൽ എവിടെയെങ്കിലും തല പൊക്കിയിരുന്നെങ്കിലോ...? കാരണം അത് ശ്രദ്ധിക്കാൻ പോലും അപ്പോൾ ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എല്ലാപേരും ചീങ്കണ്ണിയെ വെടിവച്ച് കൊന്നതിന്റെ ആവേശത്തിലും ആർപ്പുവിളികളിലും ആയിരുന്നല്ലോ. നമുക്ക് അങ്ങനെ ചിന്തിക്കാതിരിക്കാം. കാലം കരുതി വയ്ക്കുന്ന അജ്ഞേയവും അനിഷേധ്യവുമായ വിധി തീർപ്പുകൾക്ക് മുന്നിൽ തലകുനിക്കുക മാത്രമാണല്ലോ കരണീയം!