പഠനം, ജോലി, ജീവിതം എന്നിങ്ങനെ സമ്മർദം നിറഞ്ഞ പലകാര്യങ്ങൾക്കിടയിലുള്ള ഓട്ടപ്പാച്ചിലിലാണ് പലരും. ഇതിനിടയിൽ കരുതലോടെയുള്ള ചിലരുടെ നോട്ടവും സംസാരവും പോലും മനംനിറയ്ക്കും. അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള സംരംഭകയായ ജനനി പോർക്കൊടി. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ അനുഭവമാണ് ജനനി പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകയായ ജനനി ലിങ്ക്ഡ്ഇന്നിലൂടെയാണ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ച ഒരു ട്രാഫിക് പോലീസുകാരന് മുന്നില്‍ നടന്ന അനുഭവമാണ് ജനനി പറഞ്ഞത്. 

കഠിനമായ സമ്മര്‍ദ്ദത്തിലായിരുന്നു ഞാന്‍ വണ്ടിയോടിച്ചിരുന്നത്. ഒരു ട്രാഫിക് പോലീസുകാരന്‍ എന്നെ തടഞ്ഞു. കാരണം എന്തായിരുന്നു എന്ന് പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഉദ്യോഗസ്ഥന്‍ 'എന്തുപറ്റി? നിങ്ങള്‍ സുഖമായിരിക്കുന്നോ?' എന്ന് ചോദിച്ചു.- ജനനി കുറിച്ചു.

ആ ചോദ്യം സമ്മര്‍ദ്ദത്തെ കീറിമുറിച്ച് തന്നെ പൊട്ടിക്കരയിച്ചുവെന്നാണ് ജനനി കുറിക്കുന്നത്. സഹാനുഭൂതിയുടെ നിമിഷമായിട്ടാണ് ജനനി ഇതിനെ വിശേഷിപ്പിച്ചത്.

വിചിത്രമെന്നു പറയട്ടെ, ആ കരച്ചില്‍ എനിക്ക് കൂടുതല്‍ ഭാരം കുറഞ്ഞതായി തോന്നിപ്പിച്ചു. അതിനുശേഷം എനിക്ക് ശരിക്കും മാനസികാവസ്ഥ മെച്ചപ്പെട്ടതായി തോന്നി- ജനനി കുറിച്ചു.

നമ്മള്‍ എത്ര ശക്തരാകാന്‍ ശ്രമിച്ചാലും, നാമെല്ലാം ദുര്‍ബലരാണ്. തകര്‍ന്നുപോവുന്നത് തെറ്റല്ല. വികാരങ്ങള്‍ അനുഭവിക്കുന്നത് തെറ്റല്ല. ആരെങ്കിലും വിഷമിക്കുന്നത് നിങ്ങള്‍ കണ്ടാല്‍, ഒരു ദയയുള്ള വാക്കിന് ശരിക്കും മാറ്റം വരുത്താന്‍ കഴിയും. നമുക്ക് ദയയുള്ളവരാകാം. - ജനനി പറയുന്നു.