തിരുവനന്തപുരം: രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശി നന്ദന. ആദ്യശ്രമത്തിൽ വെറും ഒന്നര മാർക്കിന്റെ വ്യത്യാസത്തിന് പ്രിലിംസിൽ പരാജയപ്പെട്ട നന്ദന ഇത്തവണ നേടിയത് 47-ാം റാങ്ക്. അധ്യാപകദമ്പതികളായ ഗിരീഷിന്റേയും പ്രഭയുടേയും മകളാണ് നന്ദന. 

To advertise here,

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആരംഭിച്ചിട്ട് ഇപ്പോൾ മൂന്ന് വർഷമായെന്ന് നന്ദന മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. 2023-ല്‍ ആയിരുന്നു ആദ്യത്തെ ശ്രമം. അന്ന് ഒന്നര മാര്‍ക്കിന് പ്രിലിംസ് പാസ്സാകാന്‍ സാധിച്ചില്ല. പിന്നീട്, എല്ലാ ഘട്ടങ്ങളും ഒന്നിച്ച് പാസ്സാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചതിൽ വളരെ സന്തോഷം. വീട്ടുകാരും പഠിപ്പിച്ച അധ്യാപകരും നല്ല പിന്തുണയേകി. ആദ്യത്തെ തവണ ചെറിയ മാര്‍ക്കിന് നഷ്ടമായപ്പോള്‍ അടുത്ത തവണ നന്നായി പഠിച്ചാല്‍ മതിയെന്ന് പറഞ്ഞത് വീട്ടുകാരാണ്. 

ആദ്യ ശ്രമത്തിന് മുമ്പ് ക്ലാസ് അറ്റന്‍ഡ് ചെയ്ത് നോട്ട്‌സ് പഠിച്ചു. എന്നാല്‍, കഴിഞ്ഞ തവണ പ്രാക്ടീസിനാണ് പ്രാധാന്യം നല്‍കിയത്. ഇന്റര്‍വ്യു കഴിഞ്ഞ ഏപ്രില്‍ പതിനൊന്നായിരുന്നു. മാര്‍ക്കിനെപ്പറ്റിയുള്ള കാര്യങ്ങളിൽ വലിയ ധാരണയില്ലായിരുന്നെങ്കിലും സന്തോഷകരമായ ഒരു അനുഭവം തന്നെയായിരുന്നു ഇന്റര്‍വ്യു. 

സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുണ്ടായിരുന്നു. കോളേജിലെത്തിയപ്പോഴാണ് ഗൗരവമായി പഠിക്കാൻ ആരംഭിച്ചത്. എത്രസമയം പഠിക്കുമെന്നത് പരീക്ഷയുടെ സമയം പോലെയിരിക്കും. സാധാരണ ദിവസങ്ങളില്‍ എട്ട് മുതല്‍ പത്ത് മണിക്കൂർ വരെ പഠിക്കാറുണ്ട്. പിന്നീട്, പ്രിലിംസും മെയിന്‍സും ഒക്കെ അടുക്കുമ്പോള്‍ 12 മണിക്കൂര്‍ വരെ പഠിച്ചിരുന്നുവെന്നും നന്ദന കൂട്ടിച്ചേർത്തു.